മത്തി കിട്ടാക്കാലം; 18 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ്, ചെറുകിട വ്യാപാരികൾക്ക് കോടികളുടെ നഷ്ടം

By Kiran GangadharanFirst Published Jul 5, 2022, 5:55 PM IST
Highlights

കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021ൽ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീൻപിടുത്തം വളരെ കുറഞ്ഞ 2020 നേക്കാൾ 54 ശതമാനം വർധനവാണ് ആകെ മത്സ്യലഭ്യതയിലുള്ളത്

കൊച്ചി: കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഫആർഐ) പഠനം. കഴിഞ്ഞ വർഷം കേവലം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച്  75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയിൽ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് കണക്കുകൾ അവതരിപ്പിച്ചത്. 

കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021ൽ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീൻപിടുത്തം വളരെ കുറഞ്ഞ 2020 നേക്കാൾ 54 ശതമാനം വർധനവാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്ന് വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്, 65,326 ടൺ.  അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.  ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ പ്രിസൻസിപ്പൽ സയന്റിസ്റ്റ് ഡോ ടി എം നജ്മുദ്ധീൻ പറഞ്ഞു.

മത്തിക്കുഞ്ഞുങ്ങൾ കുറയാനുള്ള കാരണം ചെറുമത്സ്യബന്ധനം മാത്രമല്ലെന്ന് ഡോ നജ്മുദ്ധീൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. കാലാവസ്ഥാ വ്യതിയാനം ഇതിനൊരു കാരണമായി പറയാം. നെയ് ചാള എന്നയിനം മത്തിയുടെ ലഭ്യത ഇതിന് മുൻപ് കുറയുകയും കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. ചെറുമത്സ്യ ബന്ധനം കൂടുതലും നടത്തുന്നത് വലിയ യന്ത്രവത്കൃത ബോട്ടുകളാണ്. അവർ പിടികൂടുന്നത് കൂടുതലും കിളി, അരണ മീൻ എന്നിവയൊക്കെയാണ്. വലിയ മോട്ടോർ വള്ളങ്ങളാണ് ഉപരിതല മത്സ്യങ്ങളായുള്ള മത്തി പോലുള്ളവയുടെ കുഞ്ഞുങ്ങളെ പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്തിയുടെ ലഭ്യതക്കുറവ് വാണിജ്യാടിസ്ഥാനത്തിൽ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും ഡോ നജ്മുദ്ധീൻ വ്യക്തമാക്കി. തമിഴ്നാട്ടിലും ആന്ധ്രയിലും കിലോയ്ക്ക് 20 മുതൽ 50 രൂപ വരെയുള്ള മത്തി കേരളത്തിൽ 250 രൂപ വരെ കിലോയ്ക്ക് വിലയായേക്കും. ചെറുകിട മത്സ്യത്തൊഴിലാളികളെയാണ് ഇത് ബാധിക്കുക. വാണിജ്യാടിസ്ഥാനത്തിൽ മത്തിയല്ലെങ്കിൽ മറ്റൊന്ന് എന്നൊരു ഓപ്ഷൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്ടം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് കാരണം മത്സ്യമേഖലയിലാകെയും  ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമുണ്ടായതായി സിഎംഎഫ്ആർഐയുടെ പഠനത്തിൽ കണ്ടെത്തി. 2014ൽ ലാൻഡിംഗ് സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപയായിരുന്നു. ഇത് 2021 ൽ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയുടെ നഷ്ടമാണ് മത്സ്യമേഖലയിൽ സംഭവിച്ചതെന്ന് സി എം എഫ് ആർ ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ എൻ അശ്വതിയുടെ നേതൃത്വത്തിൽ നടന്ന പഠനം വെളിപ്പെടുത്തുന്നു. മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികൾക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. മറ്റ് മീനുകളുടെ ലഭ്യത കൂടിയെങ്കിലും മത്തിയുടെ കുറവ് കാരണം ഇവർക്ക് ഇക്കാലയളവിൽ 26 ശതമാനം വരെ നഷ്ടമുണ്ടായി. ഇക്കാലയളവിൽ ഇവരുടെ വാർഷിക വരുമാനം 3.35 ലക്ഷം രൂപയിൽ നിന്നും 90262 രൂപയായി കുറഞ്ഞു. കടലിൽ പോകുന്ന പ്രവൃത്തി ദിവസങ്ങൾ 237 ൽ നിന്നും 140 ദിവസമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.
 

click me!