പട്ടയഭൂമിയിലെ മരം മുറിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റ മറവിൽ വയനാട്ടില്‍ കോടികളുടെ വീട്ടിമരക്കൊള്ള

By Web TeamFirst Published Feb 7, 2021, 9:21 AM IST
Highlights

സര്‍ക്കാര്‍ ഉത്തരവ് കാണിച്ച് ആദിവാസി ഊരുകളില്‍ നിന്നടക്കം കുറഞ്ഞ വിലനല്‍കി മരം വാങ്ങിയാണ് ഇടനിലക്കാര്‍ തട്ടിപ്പ് നടത്തിയത്. വീട്ടിമരങ്ങള്‍ വ്യാപകമായി മുറിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാർ ഉത്തരവ് പിന്‍വലിച്ചെങ്കിലും മുറിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.

വയനാട്: നിബന്ധനകള്‍ക്ക് വിധേയമായി പട്ടയഭൂമിയിലെ മരം മുറിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റ മറവിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ വയനാട്ടില്‍ കോടികളുടെ വീട്ടിമരക്കൊള്ള. സര്‍ക്കാര്‍ ഉത്തരവ് കാണിച്ച് ആദിവാസി ഊരുകളില്‍ നിന്നടക്കം കുറഞ്ഞ വിലനല്‍കി മരം വാങ്ങിയാണ് ഇടനിലക്കാര്‍ തട്ടിപ്പ് നടത്തിയത്. വീട്ടിമരങ്ങള്‍ വ്യാപകമായി മുറിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാർ ഉത്തരവ് പിന്‍വലിച്ചെങ്കിലും മുറിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.

സംസ്ഥാനത്ത് ഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ചവര്‍ ഭൂമിയിലുള്ള വീട്ടി, ചന്ദനം എന്നിവ മുറിക്കെതുരെന്നാണ് നിബന്ധന. സര്‍ക്കാരിന് അവകാശമുള്ള ഇത്തരം മരങ്ങളുടെ സംരക്ഷണ ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.കഴിഞ്ഞ ഓക്ടോബറില്‍ ഈ പട്ടയ നിബന്ധനകള്‍ക്ക് മാറ്റം വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.ഇതുപ്രകാരം പട്ടയം ലഭിച്ചശേഷമുണ്ടായ മരത്തില്‍ ചന്ദനമൊഴികെയുള്ളവ മുറിക്കാം.അപ്പോഴും പട്ടയം ലഭിക്കും മുമ്പെയുള്ള മരങ്ങളുടെ ഉടമ സര്‍ക്കാരാണ്. ഈ ഉത്തരവിന്‍റെ മറവിലാണ് ഇപ്പോള്‍ വയനാട്ടില്‍ വ്യാപകമായി വീട്ടി മരം മുറിക്കുന്നത്. ഇതിനോടകം കോടികണക്കിന് രൂപയുടെ സര്‍ക്കാര്‍ മരങ്ങളാണ് ചുരമിറങ്ങിയത്. 

ആദിവാസി കോളനികള്‍, അവരുടെ കൃഷി സ്ഥലങ്ങള്‍, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകരുടെ ഭൂമി തുടങ്ങിയ ഇടങ്ങളിലെ വീട്ടിമരങ്ങളെല്ലാം കച്ചവടകാരെത്തി കുറഞ്ഞ വിലയ്ക്ക് വാങ്ങി.മിക്കയിടത്തും മുറിച്ചത് നൂറിലധികം വർഷം പഴക്കമുള്ള മരങ്ങളാണ്. പട്ടയം ലഭിക്കുന്നതിനു മുമ്പെയുള്ള ഈ മരങ്ങളില്‍ പലതിനും അഞ്ചുലക്ഷത്തിലേറെ വില വരും.റവന്യു ഉദ്യോഗസ്ഥര്‍ അനുമതി  നല്‍കിയെന്നാണ് പലരും പറയുന്നത്.

ഏറ്റവുമധികം മരം മുറിക്കൽ നടന്നത് മുട്ടില്‍ വില്ലേജിലാണ്. ഇവിടെന്നിന്നുമാത്രം രണ്ടരകോടിയിലധികം രൂപയുടെ മരമാണ് മുറിച്ചുമാറ്റിയത്. ഇതെല്ലാം സര്‍ക്കാർ ഉടമസ്ഥതയിലുള്ളതാണോയെന്നായിരുന്നു ഞങ്ങളുടെ അടുത്ത സംശയം. അത് സ്ഥിരീകരിക്കാന്‍ വില്ലേജ് ഓഫീസറെ കണ്ടു. 
സര്‍ക്കാര്‍ സരക്ഷിത മരങ്ങളില്‍ പലതും മുറിച്ചുമാറ്റിയെന്ന് വില്ലേജോഫീസര്‍ക്ക് ബോധ്യമുണ്ട്. പക്ഷെ നടപടിയില്ല. മരങ്ങളെല്ലാം നഷ്ടപെടുമെന്നുറപ്പായതോടെ ഉത്തരവ് സര്‍ക്കാര്‍ താല‍്കാലികമായി റദ്ദാക്കി,പക്ഷ ഇതിന്‍റെ മറവില്‍ വയനാട്ടില്‍ മാത്രം നഷ്ടമായ കോടികളുടെ മരങ്ങളോ. വനംവകുപ്പടക്കം ആർക്കും ഉത്തരമില്ല. ഉത്തരവിന്‍റെ മറവില്‍ സര്‍ക്കാർ മരങ്ങള്‍ മുറിച്ചുമാറ്റാൻ ഇടനിലക്കാര്‍ക്ക് അനുമതി നല്‍കിയ റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം നടക്കേണ്ടത്. ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല എന്നതാണ് ഏറെ വിചിത്രം 

click me!