
കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് കർഷക സംഘടനയായ ഇൻഫാം. രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമാം വിധത്തിൽ കാട്ടുമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന കാര്യം കേരളത്തിലെ ഒരു നേതാക്കന്മാർക്കും അറിയാത്തതല്ല. ഇപ്പോൾ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കർഷകനും തന്റെ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കർഷകനുമാണ് കാട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിയും ആവലാതിയും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും സമീപനം വളരെയധികം അപലപനീയമാണ്. ജനസംഖ്യാ വർധനവ് നിയന്ത്രിക്കുവാൻ വേണ്ടി വെമ്പൽകൊള്ളുന്ന ഗവൺമെന്റ് കാട്ടുമൃഗങ്ങളുടെ വർധനവും നിയന്ത്രിക്കാൻ അടിയന്തര നടപടിയെടുക്കണം.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ ഒറ്റ ദിവസം മൂന്നു മരണമാണ് നടന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് കോട്ടയം എരുമേലിയിൽ രണ്ട് പേരെയും കൊല്ലം ഇടമുളക്കലിൽ ഒരാളെയും കുത്തിക്കൊന്നു. തൃശൂർ ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി സ്കൂട്ടർ യാത്രികരെ ഇടിച്ചിട്ടതിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. എരുമേലി കണമലയിൽ പുറത്തേൽ ചാക്കോച്ചൻ , പ്ലാവനാക്കുഴിയിൽ, കൊല്ലം ഇടമുളയ്ക്കൽ സ്വദേശി വർഗീസ് എന്നിവർക്കാണ് വന്യജീവി ആക്രമണത്തിൽ ഇന്ന് ജീവൻ നഷ്ടമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam