
കോട്ടയം: എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടു. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാൻ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവിൽ പറയുന്നു.
ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തോമസ് ചികിത്സയിലായിരുന്നു.
കൊല്ലം ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബർ വെട്ടുന്ന ആളെ കാണാൻ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വർഗീസിനെ കുത്തുകയായിയുന്നു. വർഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വർഗീസ് ഗൾഫിൽ നിന്നെത്തിയത്. സംസ്ഥാനത്ത് കോട്ടയം എരുമേലിയിലും കൊല്ലത്ത് പുനലൂരിലും കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ മരണം സംഭവിച്ച വിഷയവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
പ്രദേശത്ത് വന്യമൃഗങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പു വരുത്താനും, കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കോട്ടയത്ത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് എന്നിവരെയും കൊല്ലത്ത് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലാഹര്‍, പുനലൂര്‍ ഡി.എഫ്.ഒ ഷാനവാസ് എന്നിവരെയും ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്.
മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക രണ്ട് ദിവസത്തിനകം തന്നെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. ബാക്കി അഞ്ച് ലക്ഷം വീതം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, അനന്തരാവകാശികളുടെ വിവരം അടങ്ങിയ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്ന മുറയ്ക്ക് നല്‍കുന്നതാണ്.
രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം, മൂന്ന് പേർക്ക് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam