
കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. 24 വയസ്സായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ചിന്നുപാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർകോട് നഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകളാണ്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു ഈ 24 വയസുകാരി. യുവതിക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. തനത് കാസർകോട് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പ്പാപ്പുവിൻ്റെ നിരവധി വീഡിയോകൾ വൈറലായി മാറിയിരുന്നു. പ്രദേശിക വിഭവങ്ങളെയും നാടൻ ഭക്ഷണത്തെയുമെല്ലാം തനിമ ചോരാതെ പരിചയപ്പെടുത്തുന്ന ചിന്നു പാപ്പുവിൻ്റെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്. മരണ കാരണം വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിലുള്ളതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam