'രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, യാത്രാവിവരം അറിയിച്ചിരുന്നു';സർക്കാർ വാദം തള്ളി കൊറോണ ബാധിച്ച റാന്നി സ്വദേശി

By Web TeamFirst Published Mar 9, 2020, 7:36 AM IST
Highlights

ഞങ്ങള്‍ ഇറ്റലിയില്‍ നിന്ന് പോരുമ്പോള്‍ കൊറോണ ഇത്ര കണ്ട് വ്യാപകമായിരുന്നില്ല.എങ്കിലും എമിഗ്രേഷനില്‍ വിവരം അറിയിച്ചിരുന്നു. കോട്ടയത്തും പുനലൂരും ബന്ധുവീടുകളിലും പോയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. ഇവിടെ വന്ന ശേഷം ആശുപത്രിയില്‍ വിവരം അറിയിക്കണമെന്ന ധാരണയില്ലായിരുന്നുവെന്നും യുവാവ്

റാന്നി: സർക്കാർ വാദം തള്ളി കൊവിഡ് 19 ബാധിച്ച റാന്നി സ്വദേശി. തനിക്ക് പനിയോ രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ നിന്നാണെന്ന വിവരം വിമാനത്താവള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും ഷോപ്പിംഗ് മാളിൽ പോയിട്ടുണ്ടെന്നും യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുടുംബത്തില്‍ നിന്നുള്ള 7 പേർ ചികിത്സയിലുണ്ടെന്നും ഇറ്റലിയിൽ നിന്നെത്തിയ യുവാവ് പറഞ്ഞു. നിർബന്ധിച്ചാണ് ആശുപത്രിയിലേക്ക് വന്നതെന്ന ആരോഗ്യവകുപ്പിന്‍റെ വാദം തെറ്റാണ്. സ്വന്തം കാറിലാണ് ആശുപത്രിയിൽ വന്നതെന്നും യുവാവ് വിശദമാക്കി. 

ഇറ്റലിയില്‍ നിന്ന് വന്നവരാണെന്ന വിവരം സര്‍ക്കാരിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിച്ചില്ലെന്നായിരുന്നു നേരത്തെ വന്ന വിവരം. ഞങ്ങള്‍ ഇറ്റലിയില്‍ നിന്ന് പോരുമ്പോള്‍ കൊറോണ ഇത്ര കണ്ട് പ്രചരിച്ചിരുന്നില്ല. എങ്കിലും എമിഗ്രേഷനില്‍ വിവരം അറിയിച്ചിരുന്നു. കോട്ടയത്തും പുനലൂരും ബന്ധുവീടുകളിലും പോയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. ഇവിടെ വന്ന ശേഷം ആശുപത്രിയില്‍ വിവരം അറിയിക്കണമെന്ന ധാരണയില്ലായിരുന്നുവെന്നും യുവാവ് വിശദമാക്കി.

കൊവിഡ് 19 രോഗം സംശയിക്കുന്ന അഞ്ച് പേരുടെ സാമ്പിൾ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലർത്തിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കുമെന്നാണ് വിവരം. 150 പേരുടെ പ്രാഥമിക പട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു. ഇവർ സന്ദർശിച്ച ആളുകൾ ഇടപഴകിയ ആളുകള്‍ എന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. 

പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം  അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 3000 പേരുമായി റാന്നി സ്വദേശികളായ ദമ്പതികളും മകനും അടുത്തിടപഴകി എന്നാണ് നിഗമനം. രോഗ ലക്ഷണങ്ങളുള്ളവർ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുപരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്. മതപരമായ ആചാരങ്ങൾ മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കൊല്ലത്ത് അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ട് പേരെയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 

കൊവിഡ് 19 രോഗലക്ഷണങ്ങളുള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം എന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പനി, ചുമ, ശ്വാസതടസ്സം ഉള്ളവർ ബന്ധപ്പെടണം. പത്തനംതിട്ട കണ്‍ട്രോൾ റൂം നമ്പർ: 0468-22 28 220. 

click me!