
തൃശൂർ: തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം. അക്ഷയ എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്സിയിൽ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാൽ ആ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എൽ ഡി എഫ് നേതാവ് വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു. അക്ഷയ വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാൽ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി. ഒടുവിൽ വൈകിട്ട് ആറ് മണിയോടെ അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുകയും പെൺകുട്ടി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന ചട്ടം നിലനിൽക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേതാക്കൾ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam