Muslim League: പള്ളികളിൽ സർക്കാരിനെതിരെ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗ് നീക്കത്തിനെതിരെ കെടി ജലീലും ഐഎൻഎലും

By Asianet MalayalamFirst Published Dec 1, 2021, 12:19 PM IST
Highlights

വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടരി പി എം എ സലാമിൻ്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് പറഞ്ഞു. 

കോഴിക്കോട്: എൽഡിഎഫ് സർക്കാരിനെതിരെ പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനിടെ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗിൻ്റെ (IUML - Muslim League) തീരുമാനത്തിനെതിരെ കെടി ജലീൽ എംഎൽഎയും (KT Jaleel) ഐഎൻഎലും (INL) രംഗത്ത്.  സർക്കാരിന് എതിരെ പള്ളികളിൽ പ്രചരണം നടത്താനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്ന് കെ.ടി. ജലീൽ എം.എൽ.എ ആവശ്യപ്പെട്ടു.

ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ല. മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണം. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന്  ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സ‍ർക്കാർ വിരുദ്ധ പ്രചരണം നടത്തും. മുസ്ലീം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു. 

വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടരി പി എം എ സലാമിൻ്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് പറഞ്ഞു. ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ അവിവേകത്തിൽ നിന്നു് മുസ്ലിം ലീഗ് പിന്തിരിയണമെന്നും അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുസ്ലീം സമുദായത്തിന്  നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവദികളായ ഇടതുപക്ഷ സർക്കാരിൻ്റെ നടപടികൾ സമുദായത്തെ ബോധിപ്പിക്കും. ഇതിനായി വെള്ളിയാഴ്ചത്തെ ജുമഅ പ്രാർഥനയോടൊപ്പം ഇതിനെതിരെയുള്ള ബോധവത്കരണം നടത്തുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.  

click me!