ഐഎൻഎൽ പിളർന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൾ വഹാബ്, വഹാബ് പുറത്തെന്ന് കാസിം

Published : Jul 25, 2021, 04:09 PM ISTUpdated : Jul 25, 2021, 04:32 PM IST
ഐഎൻഎൽ പിളർന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൾ വഹാബ്, വഹാബ് പുറത്തെന്ന് കാസിം

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാ‍ർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. 

കൊച്ചി: ലോക്ക്ഡൗൺ ദിനമായ ‍‍ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീ​ഗ് പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. എന്നാൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാ‍ർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ വ്യക്തമാക്കി. 

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാ‍ർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎൻഎല്ലിൽ ലയിച്ച പിടിഎ റഹീം വിഭാ​ഗം പാ‍ർട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാ‍ർട്ടി സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാർട്ടിയിലെ പിള‍ർപ്പ് പൂർത്തിയാക്കിയത്. 

പരസ്പരം പുറത്താക്കി നേതാക്കൾ പാർട്ടിയിലെ പിള‍ർപ്പ് സ്ഥിരീകരിക്കുന്നെങ്കിലും ഇനിയങ്ങോട്ട് ഐഎൻഎല്ലിൻ്റെ ഭാവിയെന്തായിരിക്കുമെന്ന് വ്യക്തമല്ല. ഇത്രകാലം ഇടതുമുന്നണിയുമായി സഹകരിച്ചു വന്ന ഐഎൻഎല്ലിനെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സിപിഎം മുൻകൈയ്യെടുത്ത് എൽഡിഎഫിലേക്ക് കൊണ്ടു വന്നത്. തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ മത്സരിച്ചെങ്കിലും കോഴിക്കോട് സൗത്തിൽ മത്സരിച്ച സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവ‍ർകോവിൽ മാത്രമാണ് ജയിച്ചത്. 

ആകെയുള്ള എംഎൽഎ അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാർട്ടിയിലെ പ്രബല വിഭാ​ഗം അബ്ദുൾ വഹാബിനൊപ്പമാണ്. താൻ സംസ്ഥാന കമ്മിറ്റി വിളിക്കാൻ പറഞ്ഞിട്ടും കാസിം ഇരിക്കൂർ അതിന് തയ്യാറാവുന്നില്ലെന്ന് വഹാബ് പറയുന്ന ഒരു ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ ഐഎൻഎൽ നേതാക്കൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അഹമ്മദ് ദേവർകോവിലിനോട് കൂടി ആലോചിച്ച് കാസിം ഇരിക്കൂ‍ർ കൊച്ചിയിൽ യോ​ഗം വിളിച്ചത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഭൂരിഭാ​ഗം നേതാക്കളും അബ്ദുൾ വഹാബിനൊപ്പമാണ്. മലപ്പുറത്തോ കോഴിക്കോട്ടോ യോ​ഗം വിളിച്ചാൽ വഹാബിനെ അനുകൂലിക്കുന്ന കൂടുതൽ നേതാക്കൾ എത്തും എന്ന് തിരിച്ചറിഞ്ഞാണ് കാസിം ഇരിക്കൂ‍ർ കൊച്ചിയിൽ യോ​ഗം വിളിച്ചതെന്നാണ് സൂചന. 

ഐഎൻഎല്ലിന്റെ 112 കൗൺസിൽ അംഗങ്ങളിൽ 72 പേർ കൂടെയുണ്ടെന്നും 62 പ്രവർത്തക സമിതി അംഗങ്ങളിൽ 32 പേരും കൂടെയുണ്ടെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കിയിട്ടുണ്ട്. ഓ​ഗസ്റ്റ് മൂന്നിന് കോഴിക്കോട് വച്ച് പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോ​ഗം ചേരുമെന്നും വഹാബ് അറിയിച്ചിട്ടുണ്ട്. തർക്കത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഏതു പക്ഷത്താണെന്ന് പറയണമെന്നും വഹാബ് പറയുന്നു. 

അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയതായി കാസിം ഇരിക്കൂ‍ർ അറിയിച്ചു. നിലവിലെ വർക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിയെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തിട്ടുണ്ട്. ​ഗുണ്ടകളെ ഇറക്കിയുള്ള ആക്രമണമാണ് നടന്നത്. അക്രമമുണ്ടാക്കിയ ജില്ലാ നേതാക്കൾക്ക് എതിരെ ജില്ലാതലത്തിൽ നടപടി. രാവിലെ നടന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായുള്ള ആക്രമണമാണ്. ചെറിയൊരു വിഭാഗം പുറത്ത് പോയിട്ടുണ്ട്. മുസ്ലിം ലീഗ് നേരത്തെ അവരെ സ്വാഗതം ചെയ്തു രംഗത്തെത്തിയതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്. മുസ്ലിം ലീഗുമായി വഹാബിന്റെ നേതൃത്വത്തിലുള്ളവർക്ക് അന്തർധാരയുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെയും അബ്ദുൾ വഹാബിന്റെയും  സ്വരം ഒന്നാണെന്നും കാസിം ഇരിക്കൂ‍ർ വ്യക്തമാക്കി. പാ‍ർട്ടി പ്രസിഡൻ്റിനൊപ്പം 7 സെക്രട്ടേറിയേറ്റ് മെമ്പർമാരെ പുറത്താക്കിയതായും കാസിം ഇരിക്കൂർ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും