ഇടതുമുന്നണി യോഗം ഇന്ന്, ഐഎൻഎൽ പങ്കെടുക്കും, തീരുമാനം പാർട്ടിയിലെ തർക്കം പരിഹരിക്കപ്പെട്ടതോടെ

By Web TeamFirst Published Sep 23, 2021, 9:01 AM IST
Highlights

പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് ഐഎൻഎൽ പ്രതിനിധികൾ യോഗത്തിൽ എത്തുന്നത്

തിരുവനന്തപുരം: ഇടതുമുന്നണി യോഗം ഇന്ന് എകെജി സെന്‍ററിൽ ചേരും. യോഗത്തിൽ ഐഎൻഎൽ പങ്കെടുക്കും. പാർട്ടി പ്രതിനിധികളായി പ്രസിഡന്റ് അബ്ദുൾ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറുമാണ് പങ്കെടുക്കുക. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് ഐഎൻഎൽ പ്രതിനിധികൾ യോഗത്തിൽ എത്തുന്നത്. 

നേരത്തെ ഇരുകൂട്ടരും യോജിപ്പിലെത്തിയാല്‍ മാത്രമെ ഇടതുമുന്നണിയില്‍ തുടരാനാകൂ എന്ന് എല്‍ഡിഎഫ് നേതൃത്വം നിലപാടെടുത്തിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന ചർച്ചകൾക്ക് ഒടുവിലാണ്  ഐഎൻഎല്ലിൽ ഒത്തുതീർപ്പുണ്ടായത്. 

തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയാകും. കേരളത്തിലും പിന്തുണ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ബോർഡ് കോർപ്പറേഷൻ പദവികൾ നൽകുന്നതിൽ മുന്നണിക്കുള്ളിൽ ഉഭയകക്ഷിചർച്ചകൾ തീരുമാനിക്കും.

പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയിൽ എൽഡിഎഫിനുള്ളിലും ഭിന്നത പ്രകടമാണ്. സിപിഎമ്മും സിപിഐയും ബിഷപ്പിന്‍റെ പ്രസ്താവനയെ എതിർക്കുമ്പോൾ കേരള കോണ്‍ഗ്രസ് എം അനുകൂലിച്ചിരുന്നു. സർവകക്ഷി യോഗം വിളിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമോ എന്നതും ഇടതുമുന്നണി യോഗത്തെ പ്രസക്തമാക്കുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലെ പോരിനിടയിലാണ് എൽഡിഎഫ് യോഗം ചേരുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!