
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ടിക്ടോക്ക് താരത്തിന്റെ മൊഴിയെടുക്കുന്നു. കാസർകോട് സ്വദേശിയായ യാസറിന്റെ മൊഴിയാണ് എടുക്കുന്നത്. ഇയാളുടെ ചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്.
അതേ സമയം ഷംനയുടെ വീട്ടിലെത്തിയ സിനിമ നിർമ്മാതാവിനെക്കുറിച്ച് അന്വേഷണം തുടരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാക്കറെ വ്യക്തമാക്കി. വിവാഹത്തട്ടിപ്പ് സംഘം ഷംനയുടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് നിർമാതാവും എത്തിയത്. വിദേശത്തുനിന്ന് സന്ദേശം ലഭിച്ചത് കൊണ്ടാണ് നിർമാതാവ് എത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുകയാണ്. കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്നും ഐജി വിജയ് സാക്കറെ വ്യക്തമാക്കി.
ബ്ലാക്ക് മെയിൽ കേസിൽ ചലച്ചിത്ര നിർമ്മാതാവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വിവാഹതട്ടിപ്പിനായി പ്രതികൾ ഷംനയുടെ വീട്ടിൽ പോയി വന്ന ശേഷം ഇയാൾ വീട്ടിൽ വന്നെന്ന ഷംന പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. വീഡിയോ കോൺഫറൻസ് വഴി ഷംന കാസിം പൊലീസിന് നൽകിയ മൊഴിയിലാണ് നിർമ്മാതാവിൻ്റെ സന്ദർശനത്തെക്കുറിച്ച് പറയുന്നത്.
ജൂൺ 20-നാണ് ഈ നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് വീട്ടുകാർ നടിയെ ബന്ധപ്പെട്ടപ്പോൾ ഒരു നിർമ്മാതാവിനേയും താൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്. വീട്ടുകാർ ഇക്കാര്യം നിർമ്മാതാവിനോട് പറഞ്ഞപ്പോൾ കൈയിലുള്ള ഫോൺ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അതിൻ്റ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാൾ പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam