
കൊച്ചി: എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ അച്ഛന്‍റെ ക്രൂരത. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്‍റെയും അടിയേറ്റതിന്‍റെയും പാടുകളുണ്ട്. കുട്ടിയെ വലിച്ചെറിയാറുണ്ടെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛൻ ആനന്ദ് മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു.
കഴിഞ്ഞ മാസം അങ്കമാലിയില്‍ സമാനമായ സംഭവം നടന്നിരുന്നു. അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നൽ മാറ്റി. ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാൽ കുടിക്കുന്നുമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
നാളെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സുരക്ഷ മുൻനിർത്തി അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam