65 ഗ്രാം എഴുതിയ പോപ്കോൺ തൂക്കം 52 ഗ്രാം മാത്രം, 10000 പിഴ, വിവിധ ജില്ലകളിലെ സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ

Published : Oct 10, 2026, 04:20 PM IST
Popcorn

Synopsis

സംസ്ഥാനത്തെ വിവിധ സിനിമ തിയറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. അളവിലും തൂക്കത്തിലും കുറവ് വരുത്തിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിറ്റതിനും 26 കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയിൽ 62,000 രൂപ പിഴ ഈടാക്കുകയും അഞ്ച് തിയറ്ററുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

കൊച്ചി: വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കി. കഴിഞ്ഞമാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ട പരിശോധനയില്‍ പിഴയായി 62,000 രൂപയും ചുമത്തി. തിയറ്ററുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണു മന്ത്രി അനൂപ് ജേക്കബിന്‍െ്‌റ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തിയത്. എല്ലാ മാസവും സംയുക്ത പരിശോധന തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. കോഴിക്കോട് രാമനാട്ടുകര സുരഭി തിയേറ്ററുകളിലെ പരിശോധനയില്‍ പാക്കറ്റുകളില്‍ നിര്‍മ്മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിനു നോട്ടീസ് നല്‍കി. ചെറുവണ്ണൂര്‍ ഫറോക്കിലെ മല്ലിക പ്‌ളക്‌സ് തിയേറ്ററില്‍ 60 ഗ്രാം പോപ്‌കോണില്‍ 7.5 ഗ്രാം തൂക്കം കുറച്ചു വില്‍പ്പന നടത്തിയതിനു കേസെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാര പദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു.

കണ്ണൂര്‍ പയ്യന്നൂര്‍ അര്‍ച്ചന കോംപ്‌ളക്‌സില്‍ നിന്നും 65 ഗ്രാം എന്നു രേഖപ്പെടുത്തി വില്‍പ്പന നടത്തിയ പോപ്‌കോണ്‍ തൂക്കം 52 ഗ്രാം മാത്രമുള്ളതിനാല്‍ കേസെടുത്തു 10,000 രൂപ പിഴ ഈടാക്കി. ചെറുപുഴ എ.കെ. സിനി പാലസില്‍ 60 ഗ്രാം എന്ന് രേഖപെടുത്തിയ പോപ്‌കോണ്‍ തൂക്കം 42 ഗ്രാം മാത്രമുള്ളതിനാല്‍ 5,000 രൂപ പിഴ ഈടാക്കി. ദേവ് സിനിമാസ് കണിച്ചാര്‍ തിയറ്ററിലും 50 ഗ്രാം എന്നു രേഖപ്പടുത്തിയ പോപ്‌കോണ്‍ 35 ഗ്രാമായിരുന്നു തൂക്കം. ഉളിക്കല്‍ എസ്‌ജേസ് ജി സിനിമ തീയേറ്റ റില്‍ വെയിംഗ് മെഷീന്‍ യഥാസമയം മുദ്രചെയ്യാത്തതിനു കേസെടുത്തു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്റര്‍ ഹാളിനുപുറത്തു കുടിവെള്ളംസജ്ജീകരിക്കാനും മറ്റൊരു സ്ഥാപനത്തിനു സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. കോട്ടയത്തെ ധന്യ രമ്യ തിയേറ്ററില്‍ 55 ഗ്രാം പോപ്‌കോണിനു 48.6 ഗ്രാമായിരുന്നു തൂക്കം. 40 ഗ്രാം പോപ്‌കോണിനു 34.8 ഗ്രാമും. തൂക്കത്തില്‍ കുറവുവരുത്തി വില്‍പ്പന നടത്തിയതിനു കേസെടുത്തു 5000 രൂപ പിഴ ഈടാക്കി. അനുപമ തിയറ്റര്‍, കുമരകത്തെ വെല്‍വെറ്റ് വ്യൂ തിയറ്റര്‍ എന്നിവിടങ്ങളില്‍ നോണ്‍ സ്റ്റാന്‍ഡേര്‍ഡ് അളവ് ഉപയോഗിച്ചു വില്‍പ്പന നടത്തിയതിനു നോട്ടീസും നല്‍കി.

എറണാകുളം ജില്ലയില്‍ ആലുവ, അങ്കമാലി, നോര്‍ത്ത് പറവൂര്‍, അയ്യമ്പിള്ളി, ഞാറക്കല്‍ എന്നിവിടങ്ങളിലെ 8 തിയറ്ററുകളിലാണു സംയുക്ത പരിശോധന നടത്തിയത്. ആലുവ മാതാ-മാധുര്യ തിയേറ്ററില്‍ നടത്തിയ പരിശോധനയില്‍ 30 രൂപക്ക് 210 എം.എല്‍. ചായ നല്‍കേണ്ടിടത്തു 130 എം.എല്‍. ചായയാണ് നല്‍കിയത്. 120 രൂപയുടെ പോപ്‌കോണ്‍ 50 ഗ്രാം നല്‍കേണ്ടതിനു 16 ഗ്രാമും 150 രൂപയുടെ ചീസ് പോപ്‌കോണ്‍ 80 ഗ്രാം നല്‍കേണ്ടിടത്തു 70 ഗ്രാമും കുറച്ചാണു നല്‍കിയത്. തുടര്‍ന്നു മാതാ -മാധുര്യ തിയേറ്ററിന് അളവില്‍ കുറവു വില്‍പന നടത്തിയതിനു 25,000 രൂപ പിഴ ചുമത്തി. കുടിവെള്ളം കാണാവുന്ന സ്ഥലത്തു വെക്കണമെന്ന് സിവില്‍സപ്‌ളൈസ് വകുപ്പും നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നാലിടത്ത് നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ സി സിനിമാസില്‍ യഥാസമയം മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനു കേസെടുത്തു 2,000 രൂപ പിഴയിട്ടു. ആലപ്പുഴയുള്ള റൈബാന്‍ സിനി ഹൗസില്‍ പൊപ് കോണിനു വില പ്രദര്‍ശിപ്പിച്ചതില്‍ തൂക്കം രേഖപ്പെടുത്താത്തതിനു നോട്ടീസും നല്‍കി.

കൊല്ലം ജില്ലയിലെ ചിന്നക്കട, കടപ്പാക്കട തിയേറ്ററുകളിലായിരുന്നു പരിശോധന. ചിന്നക്കട ഉഷ എ/സി സിനിമാ തിയേറ്ററിന്റെ സ്റ്റാളില്‍ പാക്കറ്റുകളില്‍ രേഖപ്പെടുത്തല്‍ പൂര്‍ണമല്ലാത്തതിനും വിലവിവരപ്പട്ടികയില്‍ ഭക്ഷ്യവസ്തുക്കളുടെ അളവ് /തൂക്കം രേഖപ്പെടുത്താത്തതിനും നോട്ടീസ് നല്‍കി. ഇവിടെ 130 എം.എല്‍. എന്നു രേഖപ്പെടുത്തി വില്‍പ്പന നടത്തിയ കോഫി അളന്നു പരിശോധിച്ചതില്‍ 92 എംഎല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ 38 എം.എല്‍. അളവ് കുറച്ചു വില്‍പന നടത്തിയതിനു കേസെടുത്തു. പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനും ബില്ല് നല്‍കാത്തതിനും ജില്ലാസപ്ലൈ ഓഫീസറും ഭക്ഷ്യ സുരക്ഷാ വകുപ്പും കേസെടുത്തു. പാലക്കാട് ചുണ്ണാമ്പുത്തറയിലെ സി.എന്‍.സി. സിനിമാസില്‍ നടത്തിയ പരിശോധനയില്‍ പോപ്‌കോണ്‍ 65 ഗ്രാം പാക്കറ്റില്‍ 25 ഗ്രാമിന്റെ കുറവു കണ്ടെത്തി.

മലപ്പുറം ജില്ലയില്‍ ചങ്ങരംകുളം, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകളില്‍ കോട്ടക്കല്‍ ലീന തിയറ്ററില്‍ 75 ഗ്രാം പോപ്പ് കോണില്‍ 13.48 ഗ്രാമും 40ഗ്രാം പോപ്പ് കോണില്‍ 6.93 ഗ്രാമും തൂക്കം കുറച്ചായിരുന്നു വില്‍പന. വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരസാധനങ്ങള്‍ സൂക്ഷിച്ചതിനും ആഹാരം വില്‍പ്പന നടത്തുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനും ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ധരിക്കേണ്ട ഹെഡ് ക്യാപ് ധരിക്കാത്തതിനും ഭക്ഷ്യ സുരക്ഷാ വകുപ്പും കേസെടുത്തു. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ തിയേറ്ററുകളില്‍ നടത്തിയ പരിശോധനയില്‍ ഇരിങ്ങാലക്കുട ചെമ്പകശേരി സിനിമാസ്, ചാലക്കുടിയിലെ ഡി സിനിമാസ്, സുരഭി തിയേറ്റര്‍, ഊരകത്തെ ശിവദം തിയേറ്റര്‍ എന്നിവിടങ്ങളില്‍ ഇലക്‌ട്രോണിക് ത്രാസുകള്‍ യഥാസമയം പുനഃപരിശോധന നടത്തി മുദ്ര പതിപ്പിക്കാത്തതായി കണ്ടെത്തി. മറ്റു ജില്ലകളില്‍ നടന്ന പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്താനായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെഡിക്കൽ പിജി അഡ്മിഷൻ വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടി, പ്രതി മണിപ്പാലിൽ നിന്നും പിടിയിൽ
സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷൻ, 'ഹൈക്കോടതി വിധി അടിയന്തിരമായി നടപ്പാക്കണം'