
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ കെട്ടിയിട്ടിരിക്കുന്ന കയര്‍ ഒഴിവാക്കാൻ നിര്‍ദേശം. ഓട്ടോമാറ്റിക് ഡോറില്ലാത്ത കെഎസ്ആര്‍ടിസി ബസുകളുടെ ഡോറുകളിൽ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ അടിയന്തരമായി നീക്കം ചെയ്യാൻ കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയര്‍ നിര്‍ദേശം നൽകി. വാതിലുകൾ അടയ്ക്കാനായി കെട്ടിയ പ്ലാസ്റ്റിക് കയറുകളും വളളികളും നീക്കം ചെയ്യാനാണ് നിര്‍ദേശം.യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് നിര്‍ണായക നടപടി. യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവന് തന്നെ അപകടമുണ്ടാക്കാൻ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷനും പരാതിയെത്തിയിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം കെഎസ്ആര്‍ടിസിയെടുത്തത്. കയറുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിലുണ്ട്.
കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയതായി അധികൃതര്‍ അറിയിച്ചു. തുറന്നുകിടക്കുന്ന വാതിലുകള്‍ വേഗത്തിൽ വലിച്ചടക്കുന്നതിനായാണ് ഇത്തരത്തിൽ അശാസ്ത്രീയമായി കയറുകള്‍ കെട്ടിയിട്ടിരിക്കുന്നത്. പലപ്പോഴും ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഈ കയര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരുന്നു. കയറിൽ കുടുങ്ങി അപകടമുണ്ടാകുമെന്ന പരാതിയും ഉയര്‍ന്നിരുന്നു. കെഎസ്ആര്‍ടിസിയുടെ ഓര്‍ഡനറി ബസുകളിലടക്കം ഇത്തരത്തിൽ ഡോറുകളിൽ കയര്‍ കെട്ടിയാണ് സര്‍വീസ് നടത്തുന്നത്.