കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ഇനി ഇല്ല; അന്തർജില്ലാ ബോട്ട് സർവീസുകള്‍ നാളെ മുതല്‍

By Web TeamFirst Published Jun 3, 2020, 12:40 PM IST
Highlights

രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെയാവും ബോട്ട് സർവീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്പുള്ള സാധാരണ ചാർജാവും ഈടാക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ അന്തർജില്ലാ ജലഗതാഗതം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർജില്ലാ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മുഴുവൻ സീറ്റിലും ആളുകളെ ഇരുത്തി സർവീസ് നടത്തും. അതേസമയം, മൂന്നാം ഘട്ട ലോക്ഡൗൺ കാലത്ത് അനുവദിച്ച കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ഇനി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രധിരോധ മുൻകരുതലുകൾ എടുക്കുമെന്ന് എ കെ ശശീന്ദ്രൻ അറിയിച്ചു. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെയാവും ബോട്ട് സർവീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്പുള്ള സാധാരണ ചാർജാവും ഈടാക്കുക. അന്തർ ജില്ലാ യാത്രകൾക്ക് പ്രതീക്ഷിച്ച അത്ര ആളുകൾ എത്തി തുടങ്ങിട്ടില്ലെന്നും ഇത് കൊവിഡ് പ്രതിരോധത്തിന് നല്ലതാണെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാൻ ആളുകൾ ഇല്ലാത്തത് വരുമാനത്തിൽ ഇടിവ് വരും. എന്നാലും ജന സുരക്ഷക്കാണ് മുൻഗണന. കഴിഞ്ഞ 12 ദിവസം ഓടിയപ്പോൾ കെഎസ്ആർടിസിക്ക് 6 കോടി 27 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി ഇന്ന് മുതൽ സമീപ ജില്ലകളിലേക്കുള്ള സർവീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സമീപ ജില്ലകളിലേക്ക്  പൊതുഗതാഗത സർവീസിന് സർക്കാർ അനുമതി നൽകിയത്. എന്നാൽ അന്തർജില്ലാ സർവ്വീസ് നടത്തില്ലെന്നാണ് സ്വകാര്യ ബസ്സ് ഉടമകളുടെ തീരുമാനം. 

click me!