എക്സൈസ് വാഹനത്തിൽ അതിര്‍ത്തി കടന്ന സംഭവം; എക്സൈസ് ഉദ്യോ​ഗസ്ഥനും അധ്യാപികയ്ക്കുമെതിരെ കേസ്

By Web TeamFirst Published Apr 23, 2020, 5:02 PM IST
Highlights

എകിസൈസ് കൽപറ്റ സർക്കിൾ ഇൻസ്പെക്ടർ ഷാജഹാനും അധ്യാപിക കാമന ശർമ്മയ്ക്കും എതിരെയാണ് പകർച്ചവ്യാധി തയൽ നിയമം ചുമത്തി കേസെടുത്തത്.

വയനാട്: എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക കര്‍ണാടക അതിർത്തി കടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. എകിസൈസ് കൽപറ്റ സർക്കിൾ ഇൻസ്പെക്ടർ ഷാജഹാനും അധ്യാപിക കാമന ശർമ്മയ്ക്കും എതിരെയാണ് കേസ്. വൈത്തിരി പൊലീസ് സ്റ്റേഷനിലാണ് പകർച്ചവ്യാധി തടയൽ നിയമം ചുമത്തി കേസെടുത്തത്. 

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച്, തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് ഡിവൈഎസ്പി അനുവദിച്ച പാസുമായാണ് തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്. അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിർത്തികൾ കടക്കാൻ സഹായിച്ച കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. 

അതിര്‍ത്തി കടക്കുന്നതിനുള്ള പാസ് അനുവദിക്കാൻ പൊലീസിന് അധികാരമില്ല, അതാത് ജില്ലാ കളക്ടർമാരാണ് അന്തർ സംസ്ഥാന അതിർത്തി കടക്കാൻ പാസ് അനുവദിക്കേണ്ടത്. സംഭവത്തിൽ നാർക്കോട്ടിക് ഡിവൈഎസ്പിക്കെതിരെയും കേസുണ്ടാകും. കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി കര്‍ശന പരിശോധനകളാണ് അതിര്‍ത്തികളിൽ നിലവിലുള്ളത്. ഇതെല്ലാം ലംഘിച്ചാണ് അധ്യാപിക അതിര്‍ത്തി കടന്നത്. 

എക്സൈസ് സര്‍ക്കിൾ ഇൻസ്പെക്ടറുടെ വാഹനത്തിലാണ് അധ്യാപികയെ അതിര്‍ത്തി കടത്തിയത്. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വാഹനത്തിന് സമീപം എത്തിച്ചത് എന്നും വിവരമുണ്ട്. കര്‍ണാടകയിലെ ഉദ്യോഗസ്ഥരും ഇവരെ തടയാൻ തയ്യാറായിട്ടുമില്ല.  ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു അധ്യാപിക എന്നാണ് അറിയുന്നത്. ലോക്ക് ഡൗൺ നിലനിൽക്കെയാണ് ഇത്രയധികം സംസ്ഥാനങ്ങൾ താണ്ടി ദില്ലിയിലേക്ക് അധ്യാപിക യാത്ര തിരിച്ചതെന്നതും ശ്രദ്ധേയമാണ്. 

click me!