സര്‍ക്കാരിനെ വെല്ലുവിളിച്ച് ഇന്ന് മുതൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം

By Web TeamFirst Published Jun 24, 2019, 6:56 AM IST
Highlights

കല്ലട സംഭവത്തിന്‍റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർ‍ത്തുന്നത്. 

കൊച്ചി: കല്ലട ബസിലെ അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെ സർക്കാരിനെയും പൊതുജനത്തെയും വെല്ലുവിളിച്ച് അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തിന്‍റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ ഇന്ന് മുതൽ സർവീസ് നിർ‍ത്തുന്നത്. ഇതിനിടെ അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകി.

പാതിരാത്രിയിൽ യാത്രക്കാരെ മർദ്ദിച്ച് പെരുവഴിയിലിറക്കിവിടുക, അതും കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പേ യാത്രക്കാരിക്ക് നേരെ ബസിനുളളിൽ പീഡന ശ്രമം അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് കല്ലട ബസിനെതിരായ പരാതികള്‍. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ഇന്ന് മുതൽ അയൽസംസ്ഥാനങ്ങളിലേക്കും അവിടെ നിന്നും ഒരൊറ്റ ബസ് പോലും ഓടില്ലെന്നാണ് അന്തർസംസ്ഥാന സ്വകാര്യ ബസുടമകൾ പറയുന്നത്. എന്നാൽ അന്തർസംസ്ഥാനയാത്രക്കാരുടെ പേരിൽ സർക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി തലയൂരാനുളള ബസുടമകളുടെ തന്ത്രമാണിതെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

ജസ്റ്റീസ് എം രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷൻ നാലു പേജുളള ഇടക്കാല റിപ്പോർട്ടാണ് സർക്കാരിന് നൽകിയിരിക്കുന്നത്. ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാൾ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാൻ ബസുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാൻ സമഗ്രമായ റിപ്പോർട്ടും വൈകാതെ തയാറാക്കുമെന്ന് ജസ്റ്റീസ് എം രാമചന്ദ്രൻ അറിയിച്ചു.

click me!