
ദില്ലി: യുഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് എം എം ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിന് കത്ത്. വെല്‍ഫെയര്‍ ബന്ധം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായോ എന്ന് എഐസിസി പരിശോധിക്കണമെന്നും ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ എം എം ഹസനെതിരായ പടനീക്കം കോണ്‍ഗ്രസില്‍ ശക്തമാവുകയാണ്. വെല്‍ഫെയർ ബന്ധമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. ഹസന്‍ മുൻകൈ എടുത്ത് നടത്തിയ നീക്കമാണിതെന്നും വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തോല്‍വിക്ക് കാരണമായോ എന്ന് ദേശീയ നേതൃത്വം തന്നെ പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. എംപിമാരും എംഎല്‍എമാരുമാണ് ദേശീയ നേതൃത്വത്തിന് മുന്‍പാകെ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
രാഹുല്‍ഗാന്ധിയെ നേരിട്ട് കണ്ട് പരാതി ഉന്നയിക്കാന്‍ നേതാക്കളില്‍ ചിലര്‍ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ല. വൈകാതെ തന്നെ രാഹുലിനെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് നീക്കം. ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വന്‍ തിരിച്ചിടിയുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഒരു സമുദായത്തിനും പ്രത്യേക പരിഗണനയോ അവഗണനയോ പാർട്ടിയില്‍ നിന്ന് ഉണ്ടാകാൻ പാടില്ലെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റിനെ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാറ്റില്ലെന്ന് ദേശീയ നേതൃത്വത്തില്‍ നിന്ന് വ്യക്തമായതിനാല്‍ കത്തില്‍ അത്തരം ആവശ്യമുന്നയിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam