
ബെംഗളൂരു: നൈജീരിയയിൽ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തിൽ എത്തിക്കുന്ന പ്രധാനിയെ കല്ലമ്പലം പോലീസ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരി വീട്ടിൽ അമീർ(39) ആണ് പിടിയിലായത്. കോഴിക്കോടാണ് സ്വദേശമെങ്കിലും മൂന്നു വർഷക്കാലമായി പ്രതി കുടുംബസമേതം ബാംഗ്ലൂരിലെ വിവിധ ആഡംബര പാർപ്പിട സമുച്ചയങ്ങളിൽ താമസിച്ചു വരികയായിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിക്കുന്ന എംഡിഎംഎ കേരളത്തിൽ വിവിധ പ്രദേശങ്ങളിലെ ലഹരി മാഫിയകൾക്ക് എത്തിച്ച് നൽകുന്നതിൽ പ്രധാനിയാണ് ഇയാൾ. ബെംഗളുരുവിൽ നിന്നും ലഹരിമരുന്നുമായി ഇക്കഴിഞ്ഞ 16 ന് രാവിലെ കല്ലമ്പലത്ത് എത്തിയ വർക്കല സ്വദേശികളായ ദീപു, അഞ്ജന എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന ദീപുവിനെ കല്ലമ്പലം പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ ലഹരി ശേഖരം വാങ്ങിയ ബെംഗളുരുവിലെ ഉറവിടം കണ്ടെത്തിയത്.
ദീപുവിനെയും കൊണ്ട് കല്ലമ്പലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളുരു ഇലക്ട്രോണിക് സിറ്റിയിലെ മൈലസാന്ദ്രയിലെ ആഡംബര ഫ്ലാറ്റിൽ എത്തുകയായിരുന്നു. അവിടെ കുടുംബസമേതം താമസിച്ചിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അമീറിനെ പോലീസ് അതിസാഹസികമായി ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കോഴിക്കോട് കുറ്റ്യാടി, പേരാമ്പ്ര , മട്ടന്നൂർ, വയനാട് , തൊണ്ടർനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിലെ പിടികിട്ടാപുള്ളിയാണ് ഇപ്പോൾ പിടിയിലായ അമീർ. ബാംഗ്ലൂരിൽ നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോലീസ് ഇന്ന് രാവിലെ കല്ലമ്പലത്ത് എത്തി. തുടർ നിയമ നടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം എസ് എച്ച് ഒ. പ്രൈജു അറിയിച്ചു. പോലീസ് കസ്റ്റഡിയിലുള്ള പ്രതി ദീപുവിന്റെ കയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങി വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന കല്ലമ്പലം സ്വദേശി ഷാൻ എന്ന യുവാവിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam