കൊവിഡിനെതിരെ നിർഭയം യുദ്ധം തുടരുന്നവർ; മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ പൊരുതുന്ന 'നഴ്സുമാരുടെ ദിനം'

By Web TeamFirst Published May 12, 2021, 12:43 AM IST
Highlights
  • കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിർഭയം പിടിച്ചു നിൽക്കുന്നവർ
  • പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയിൽ തനിച്ചായിപ്പോയവർക്ക് സ്വാന്തനമാവുന്നവർ
  • സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തിൽ നിന്ന് രോഗികളെ കൈപിടിച്ചുയർത്തുന്നവർ
  •  പ്രിയപ്പെട്ടവരിൽ നിന്നകന്ന് ഐസൊലേഷൻ വാർഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവർ

കോഴിക്കോട്: ലോകത്തെയാകെ വിറപ്പിച്ച കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. ഈ ദിനത്തിലും സ്വന്തം ആരോഗ്യം മറന്ന് കൊവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് നഴ്സിങ്ങ് സമൂഹം. മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കളാണ് ഇപ്പോൾ നഴ്സുമാർ.

കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിർഭയം പിടിച്ചു നിൽക്കുന്നവർ. പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയിൽ തനിച്ചായിപ്പോയവർക്ക് സ്വാന്തനമാവുന്നവർ, സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തിൽ നിന്ന് രോഗികളെ കൈപിടിച്ചുയർത്തുന്നവർ, പ്രിയപ്പെട്ടവരിൽ നിന്നകന്ന് ഐസൊലേഷൻ വാർഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവർ, അങ്ങനെ എത്ര വിശേഷണങ്ങള്‍ നൽകിയാലും ഒന്നും മതിയാകില്ല.

മഹാമാരിക്കാലത്ത് ഒരു നഴ്സസ് ദിനം കൂടിയെത്തുമ്പോൾ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം. ഏതൊരു പകർച്ചവ്യാധിക്കാലത്തും ആരോഗ്യ രംഗത്തിന്‍റെ നട്ടെല്ലായ നഴ്സുമാര്‍ക്ക് ഈ മേഖലയില്‍ വേണ്ട പരിഗണന കൂടി ഉറപ്പ് വരുത്തുന്നതാവട്ടെ ഈ നഴ്സസ് ദിനം എന്ന ആശംസയും നൽകാം.

ആധുനിക നഴ്സിങ്ങിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേളിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് മെയ് 12 നഴ്സസ് ദിനമായി ആചരിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനങ്ങളെ ഓർമിപ്പിക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്ത് ലോക്ക്ഡൗണായതിനാൽ വിവിധ സർക്കാർ ആശുപത്രികളിൽ കൊവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനം ആചരിക്കാനാണ് ഇക്കുറി തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!