തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്തെ നിർമാണ തൊഴിലാളിയായ സുരേഷിനാണ് അഭിനന്ദനം അറിയിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തയച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ സുരേഷിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
കൊച്ചി: മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിച്ച നിർമാണ തൊഴിലാളിയെ അഭിനന്ദിച്ച് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്തെ നിർമാണ തൊഴിലാളിയായ സുരേഷിനാണ് അഭിനന്ദനം അറിയിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തയച്ചത്. സ്വന്തം ജീവൻ അപകടപ്പെടുത്തിയും പെണ്‍കുട്ടിയെ രക്ഷിച്ചുവെന്നും മനുഷ്യത്വത്തിന്‍റെ മാതൃകയാണെന്നും സുരേഷിന് അയച്ച കത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തെരുവ് നായ ആക്രമണത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച സുരേഷിനെ തെരുവുനായ ആക്രമിച്ചത്.
മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കുമ്പോഴാണ് സുരേഷിനെ നായ ആക്രമിച്ചത്. ഓടയിൽ വീണ സുരേഷിനെ നായ വിടാതെ ഉപദ്രവിക്കുകയായിരുന്നു. സുരേഷിന് 15 ഇടത്ത് മുറിവേറ്റിട്ടുണ്ട്. പതിനാലിന് നടന്ന സംഭവത്തിന്‍റെ സി.സിടിവി ദൃശ്യം പുറത്തുവന്നിരുന്നു. പെണ്‍കുട്ടിക്കുനേരെ പാഞ്ഞടുത്ത തെരുവുനായയെ ഓടിക്കാനുള്ള ശ്രമത്തിനിടെ സുരേഷിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ സുരേഷിനെ തെരുവുനായ പലതവണ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


