
ആലപ്പുഴ: കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ പേരുകളിൽ അറിയപ്പെടുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ പ്രധാനി കരീലക്കുളങ്ങര പൊലീസിന്‍റെ പിടിയിലായി. തമിഴ്‌നാട് തിരുനെൽവേലി, തെങ്കാശി റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന വാസുകി (45) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുർഗ്ഗ, കാമാക്ഷി, സരസ്വതി എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇവർ.
കഴിഞ്ഞ വെള്ളിയാഴ്ച ഡാണാപ്പടി ജംഗ്ഷനിൽ നിന്നും കരീലക്കുളങ്ങര എൽമെക്സ് ആശുപത്രിയിലേക്ക് കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത ആളുടെ ഷോൾഡർ ബാഗിൽ നിന്നും 8500 രൂപ മോഷ്ടിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാഗിന്‍റെ അറ തുറന്ന് വളരെ വിദഗ്ധമായാണ് ഇവർ പണം കവർന്നത്. കെ എസ് ആർ ടി സി ബസുകൾ, പ്രമുഖ ആരാധനാലയങ്ങൾ, ഉത്സവപ്പറമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് തിരക്കുള്ള സമയങ്ങളിൽ വലിയ രീതിയിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വാസുകി. അറസ്റ്റ് ചെയ്ത പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam