ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ ഭീഷണിയുടെ നിഴലില്‍; സമൂഹത്തിലാകെ അസഹിഷ്ണത പടരുന്നു: മുഖ്യമന്ത്രി

By Web TeamFirst Published Aug 29, 2019, 10:10 PM IST
Highlights

ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ ഭീഷണിയുടെ നിഴലിലാണ്. പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കം. സമൂഹത്തിലാകെ അസഹിഷ്ണത പടരുകയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംവാദഭൂമികളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവാദങ്ങളില്ലാത്ത സമൂഹം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് സമൂഹത്തെ രോഗാതുരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശയലോകവും അതുപോലെയാണ്. 

ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ ഭീഷണിയുടെ നിഴലിലാണ്. പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കം. സമൂഹത്തിലാകെ അസഹിഷ്ണത പടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ ആരംഭിച്ച സ്‌പേസസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചര്‍ച്ചയും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സ്‌പേസസിന്റെ പ്രത്യേകതയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്റ് വിജയ് ഗാര്‍ഗ്, എ. പ്രദീപ് കുമാര്‍ എംഎല്‍എ, രവി ഡി സി എന്നിവര്‍ സംസാരിച്ചു.

രാവിലെ പത്തുമണിമുതല്‍ ആരംഭിച്ച സെഷനുകളില്‍ മാധവ് ഗാഡ്ഗില്‍, ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ, ബി വി ദോഷി, പാലിന്ദ കണ്ണങ്കര, ഡോ തോമസ് ഐസക്, വിജയ് ഗാര്‍ഗ്, അരിസ്റ്റോ സുരേഷ്, എം എ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ഇന്ദ്രന്‍സ്, സത്യപ്രകാശ് വാരാണസി  തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുന്നേരം എം ടി വാസുദേവന്‍ നായരുടെ കൃതികളുടെ അടിസ്ഥാനത്തില്‍ കളം തീയറ്റര്‍ അവതരിപ്പിച്ച മഹാസാഗരം എന്ന നാടകം അരങ്ങേറി. 

click me!