
തൃശൂർ: തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയുമായ ആർ ചന്ദ്രശേഖരൻ. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയ അഴിമതിക്കാരനാണ് ചന്ദ്രശേഖരൻ എന്ന് വരുത്തിതീർക്കാനാണ് ശ്രമം നടക്കുന്നത്. കേസിൽ സർക്കാർ പ്രോസിക്യൂഷന് അനുമതി കൊടുത്തത് സ്വാഗതം ചെയ്യുന്നു. പ്രോസിക്യൂഷന് അനുമതി കൊടുത്താൽ ശിക്ഷയല്ലല്ലോയെന്നും ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കേരള സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ബോർഡ്. ബോർഡ് എപ്പോഴും ഏക കണ്ഠേനയാണ് തീരുമാനമെടുത്തത്. തന്റെ കാലയളവിൽ 224 കോടി രൂപയുടെ പർച്ചെയ്‌സ് ആണ് നടന്നത്. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയ അഴിമതിക്കാരനാണ് ചന്ദ്രശേഖരൻ എന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ഏത് വിചാരണയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളന ദിവസം രാവിലെ 11 മണിക്ക് തനിക്ക് കിട്ടിയ സർക്കാർ ഉത്തരവാണ് പത്രസമ്മേളനത്തിൽ ഹാജരാക്കിയത്. തന്റെ കയ്യിൽ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ? ഇതിൽ കക്ഷിയായ തനിക്ക് ഉത്തരവിന്റെ കോപ്പി ലഭിക്കും. എറണാകുളത്തെ കോടതിയിൽനിന്ന് വക്കീലന്മാരാണ് കോപ്പി അയച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാർ അനുമതി നൽകാത്തത് എന്തുകൊണ്ടെന്ന് അവരോട് ചോദിക്കണമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. എജി എന്തുകൊണ്ട് ഉത്തരവ് കോടതിയിൽ ഹാജരാക്കിയില്ലെന്നും അത് ഇനി തിരുത്തി ആണോ ഹാജരാക്കുന്നത് എന്നും തനിക്ക് അറിവില്ല. ഉത്തരവിലെ തെറ്റുകൾക്ക് ഉത്തരവാദി താനല്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. അതേസമയം പരാതിക്കാരൻ എങ്ങനെയാണ് കേസ് നടത്തുന്നതെന്നും അയാളുടെ വരുമാന മാർഗം എന്താണെന്നും ചന്ദ്രശേഖരൻ ചോദിച്ചു. കോൺഗ്രസിനുള്ളിൽ തന്നെ ആരും വേട്ടയാടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ നടന്ന ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആർ ചന്ദ്രശേഖരനെ ഏകകണ്ഠേന പിന്തുണച്ചു.
കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയായ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയ ഉത്തരവ് ഇറങ്ങുന്നതിന് മുൻപേ ചന്ദ്രശേഖരന് ലഭിച്ചത് വിവാദമായിരുന്നു. സർക്കാർ ഇറക്കിയ ഉത്തരവ് അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയിലേക്ക് എത്തും മുൻപേ പ്രതിയുടെ കൈയിൽ എത്തിയതാണ് വിവാദമായത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ചന്ദ്രശേഖരൻ ഉത്തരവ് വായിക്കുകയും ഉത്തരവിൻ്റെ പകർപ്പുകൾ വിതരണം ചെയ്യുകയും ചെയ്തത്. ഹൈക്കോടതിയുടെ സമ്മർദം മൂലമാണ് പ്രോസിക്യൂഷന് അനുമതി നൽകേണ്ടിവന്നതെന്ന ഉത്തരവിലെ പരാമർശം അടക്കം വിവാദമായതോടെ ഇത് തിരുത്താൻ വ്യവസായ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം അഴിമതി നടന്നിട്ടില്ലെന്ന ചന്ദ്രശേഖരൻ്റെ വാദത്തിന് വിരുദ്ധമാണ് കേസ് അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ. ചന്ദ്രശേഖരനും കെ എ രതീഷും ഉൾപ്പെടുന്ന ഭരണസമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായി ഒരു കമ്പനിക്ക് തന്നെ കശുവണ്ടി ഇറക്കാൻ അനുമതി നൽകിയതിന് പിന്നിൽ ഗുരതര ക്രമക്കേടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam