സ്കൂളില്‍ അധ്യാപികമാരെ ഇരിക്കാന്‍ അനുവദിക്കുന്നില്ല; നേരിട്ടുള്ള അന്വേഷണത്തിന് വനിതാ കമ്മീഷന്‍

By Web TeamFirst Published Aug 29, 2019, 8:19 PM IST
Highlights

പ്രശസ്തമായ സ്കൂളില്‍ അധ്യാപികമാരെ സ്കൂള്‍ സമയത്ത് ഇരിക്കാന്‍ പോലും അനുവദിക്കാതെ എട്ട് പീരീയഡ് തുടര്‍ച്ചയായി നിര്‍ത്തി ജോലി ചെയ്യിക്കുന്നതായും അവധി സമയങ്ങളില്‍ പോലും മെമോ ഉള്‍പ്പെടെ നല്‍കി പീഡിപ്പിക്കുന്നതായും പരാതി. 

തിരുവനന്തപുരം: പ്രശസ്തമായ സ്കൂളില്‍ അധ്യാപികമാരെ സ്കൂള്‍ സമയത്ത് ഇരിക്കാന്‍ പോലും അനുവദിക്കാതെ എട്ട് പീരീയഡ് തുടര്‍ച്ചയായി നിര്‍ത്തി ജോലി ചെയ്യിക്കുന്നതായും അവധി സമയങ്ങളില്‍ പോലും മെമോ ഉള്‍പ്പെടെ നല്‍കി പീഡിപ്പിക്കുന്നതായും പരാതി. അധ്യാപികമാരുടെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വനിതാ കമ്മീഷന്‍ അദാലത്തില്‍ വിളിച്ചു വരുത്തി. 

സ്കൂളില്‍ നേരിട്ട് അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന്‍ അംഗം ഇഎം രാധ അറിയിച്ചു. കുട്ടികളെ നിരീക്ഷിക്കാനെന്ന പേരില്‍ ക്ലാസ്‌റൂമുകളില്‍ സിസിടിവികള്‍ സ്ഥാപിച്ച് അധ്യാപികമാരുടെ പെരുമാറ്റം നിരീക്ഷിച്ച് അവര്‍ ക്ലാസ് എടുക്കുന്നതിനിടെ ഇരുന്നാല്‍ മെമോ നല്‍കുകയാണ് പ്രിന്‍സിപ്പലിന്റെ രീതിയെന്ന് പരാതി നല്‍കിയ അധ്യാപികമാര്‍ പറയുന്നു. 

ചോദ്യം ചെയ്യുന്ന അധ്യാപികമാര്‍ക്കെതിരെ പരാതി എഴുതിയുണ്ടാക്കി കൊച്ചുകുട്ടികളെ കൊണ്ട് ഒപ്പിടീച്ച ശേഷം നടപടി എടുക്കുന്നതും സ്കൂളില്‍ പതിവാണെന്ന് പരാതിക്കാരായ അധ്യാപികമാര്‍ പറഞ്ഞു. ഇക്കാരണത്താല്‍ കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനോ വഴക്ക് പറയാനോ കഴിയാത്ത സാഹചര്യമാണ് സ്കൂളിലെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ച അധ്യാപികയ്ക്ക് പോലും മെമോ നല്‍കി. കമ്മീഷന്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്ന് കമ്മീഷന്‍ അംഗം ഇഎം രാധ വ്യക്തമാക്കി. 

click me!