
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് കേസിൽ നിർണായകമായത് എംബിബിഎസ് വിദ്യാർത്ഥികൾ നടത്തിയ അന്വേഷണം. റെഡ്ഡിറ്റിലെ അക്കൗണ്ടിലൂടെയാണ് വിദ്യാർത്ഥികളുടെ മോർഫിങ് ചിത്രങ്ങൾ ആദ്യം പ്രചരിച്ചത്. വിദ്യാർഥികളിൽ ഒരാൾ ആ അക്കൗണ്ടുമായി നടത്തിയ ചാറ്റിലൂടെ ടെലിഗ്രാം അക്കൗണ്ട് കണ്ടെത്തുകയായിരുന്നു. സേവ് ചെയ്ത നമ്പറാണന്ന് തിരിച്ചറിഞ്ഞതിലൂടെ എബൽ അഗസ്റ്റിൻ ആണെന്ന് മനസ്സിലാവുകയായിരുന്നു. സൈബർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സ്വന്തം നിലയിൽ അന്വേഷണം നടത്തിയത്. ആറുമാസം മുൻപാണ് ആദ്യമായി മോർഫിംഗ് ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.
അതേസമയം, സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ഏബല്‍ അഗസ്റ്റിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കൂടുതൽ വിദ്യാർത്ഥിനികളുടെ പരാതിയില്‍ പൊലീസ് 2 എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പരാതികള്‍ ഒരുപാട് വന്നിട്ടും പൊലീസ് വീണ്ടും കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ആദ്യമെടുത്ത കേസില്‍ പ്രതിയായ ഏബലിന് ഇന്നലെ തന്നെ ജാമ്യം ലഭിച്ചിരുന്നു.
സഹപാഠികളുടെയും സീനിയറായ വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിക്കിതിരായ കേസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ വയനാട് സ്വദേശി ഏബല്‍ അഗസ്റ്റിനാണ് കേസിലെ പ്രതി. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും കോടതിയില്‍ നിന്ന് ഏബലിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുതല്‍ പരാതികള്‍ എത്തിയത്. എന്നാല്‍ ഈ പരാതികളൊക്കെ ഒരു കുറ്റകൃത്യമാണെന്നും അതിനാല്‍ പല കേസുകളായി എടുക്കാൻ കഴിയില്ലെന്നുമായിരുന്നു മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ ആദ്യ നിലപാട്. വിദ്യാർത്ഥികളുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിർത്തിയെന്നും ആരോപണം ഉണ്ടായി. വിദ്യാർത്ഥി സംഘടനകളും കൂടി സംഘടിച്ചെത്തിയതോടെ അർധരാത്രി പൊലീസ് സ്റ്റേഷൻ പ്രതിഷേധക്കളമായി മാറി.
രാത്രി തന്നെ കൂടുതല്‍ വനിത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനില്‍ എത്തിയാണ് മൊഴിയെടുപ്പ് നടത്തുകയും കേസില്‍ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. ക്രിമിനല്‍ സ്വഭാവമുള്ള ഒരാള്‍ ഡോക്ടർ ആകുന്നത് ആപത്താണന്നും കർശന നടപടി പ്രതീക്ഷിക്കുന്നതായും കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികള്‍ പറഞ്ഞു. 6 മാസം മുൻപ് ഏബലിനെതിരെ പരാതി ലഭിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. വീണ്ടും കേസടുത്ത സാഹചര്യത്തില്‍ ഏബലിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യും. ക്രിമിനല്‍ കേസില്‍ പ്രതിയായതിന് പിന്നാല ഇന്നലെ ഏബലിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam