
കോഴിക്കോട്: കോഴിക്കോട് ട്രാൻസ്ജെൻഡർ യുവതി മരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതിൽ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാൻസ്ജെൻഡർ സംഘടനകൾ പരാതി നൽകി.
ഏപ്രിൽ ഒന്നിന് രാവിലെയാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം യു കെ ശങ്കുണ്ണി റോഡിൽ ട്രാനസ്ജെൻഡറായ ഷാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളിൽ ഷാലുവിനൊപ്പം കണ്ടയാളെ ഇവരുടെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല.
ഉടൻ പ്രതിയെ പിടിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മുതൽ തന്നെ ട്രാൻസ്ജെന്‍റർ കമ്യൂണിറ്റിയിൽ നിന്നുള്ളവർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് ഷാലുവിന്‍റെ ചില സുഹൃത്തുക്കൾ സംശയമുന്നയിച്ചെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണ പുരോഗതിയെ കുറിച്ച് മാധ്യമങ്ങളോടോ ഷാലുവിന്‍റെ സുഹൃത്തുക്കളോടോ സംസാരിക്കാൻ പൊലീസ് തയ്യാറായില്ല. ട്രാസ്ജെന്‍ററുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ പോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണിവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam