പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിലേക്കും അന്വേഷണം; അനുമതി തേടി സർക്കാരിന് വിജിലൻസിന്റെ കത്ത്

By Web TeamFirst Published Oct 25, 2019, 8:29 AM IST
Highlights

ഇബ്രാഹിംകുഞ്ഞിനെതിരായ നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചതായി സൂചന; ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് വിജിലൻസ്.

കൊച്ചി:പാലാരിവട്ടം മേൽപ്പാല നിർമ്മാണ ക്രമക്കേടിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ്. ഗൂഢാലോചന അന്വേഷിക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. കരാറുകാരന് മുൻകൂർ തുക നൽകിയതിലാണ് അന്വേഷണം. ആവശ്യം ഉന്നയിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകി. കൊച്ചി പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്.

അഴിമതി നിരോധന നിയമപ്രകാരം ഇത്തരത്തിൽ അന്വേഷണം തുടങ്ങണമെങ്കിൽ സർക്കാരിന്റെെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോ‍ർട്ട്. പൊതുമരാമത്തു മുൻ സെക്രട്ടറി  ടി ഒ സൂരജ് അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. 

കരാറുകാരന് മുൻകൂർ തുകയായി 8 കോടി അനുവദിച്ചത് ചട്ടവിരുദ്ധമായാണ്. അതിൽ ഏതൊക്കെ ഇടപാട് മുൻമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്ന കാര്യം പരിശോധിക്കുന്നതിനാണ് ഇത്തരത്തിൽ ഒരന്വേഷണം എന്നും വിജിലൻസ് വ്യക്തമാക്കുന്നു. കരാറുകാർക്ക് തുക അനുവദിച്ചതിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലൻസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലൻസ്ഹൈ ക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.

മന്ത്രി എന്ന നിലയിലുള്ള പങ്ക് അന്വേഷിക്കാൻ നേരത്തെ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിരുന്നു. ഇതുവരെ നടന്നത് പൊതുവായ അന്വേഷണമെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കാൻ വിജിലൻസ് നീങ്ങുന്നത്.

കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ  ഇബ്രാഹിം കുഞ്ഞാണ്. 

click me!