കള്ളക്കടത്ത് സംഘത്തെ ആക്രമിച്ച് സ്വർണ്ണം തട്ടുന്ന കേസുകളിൽ എങ്ങുമെത്താതെ അന്വേഷണം | Asianet News Investigation

By Web TeamFirst Published Jun 27, 2021, 8:34 AM IST
Highlights

കണ്ണൂർ കൂത്തുപറമ്പിൽ സ്വർണ്ണക്കടത്ത് ക്യാരിയറെ ഒരു സംഘമെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൃത്യമായ തെളിവുണ്ടായിട്ടും ആ കേസ് തന്നെ തേഞ്ഞുമാഞ്ഞുപോയത് ഉദാഹരണം.

കണ്ണൂർ: കടത്ത് സംഘത്തെ വഴിയിൽ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുത്ത കേസുകളിലെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സ്വർണ്ണം കടത്തിയത് ആർക്കെന്നുള്ള അന്വേഷണത്തിലെത്തും മുമ്പേ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസുതന്നെ ഇല്ലാതാകും. കണ്ണൂർ കൂത്തുപറമ്പിൽ സ്വർണ്ണക്കടത്ത് ക്യാരിയറെ ഒരു സംഘമെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൃത്യമായ തെളിവുണ്ടായിട്ടും ആ കേസ് തന്നെ തേഞ്ഞുമാഞ്ഞുപോയത് ഉദാഹരണം.

2020 ആഗസ്ത് 23. കൂത്തുപറമ്പിലെ ബിസിഎം ലോഡ്ജിൽ വൈകീട്ട് മൂന്ന് മണിക്കാണ് സിനിമ സ്റ്റൈൽ കിഡ്നാപ്പിംഗ് നടന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ബിൻഷാദ് ഗൾഫിൽ നിന്ന് എത്തി 14 ദിവസത്തെ ക്വാറന്‍റൈൻ കഴിഞ്ഞ് ഹോട്ടലിൽ നിന്ന് ഇറങ്ങുന്നു. ഒരു സംഘം ചാടിയെത്തി ബിൻഷാദിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. അപ്പോഴേക്കും ബിൻഷാദിന്റെ കൂട്ടാളികളെത്തി എത്തി ആക്രമണം ചെറുത്തു.

സംഭവം സ്റ്റേഷന് തൊട്ടടുത്തായതിനാൽ പൊലീസെത്തി ഇരു സംഘത്തെയും കസ്റ്റഡിയിലെടുത്തു. നെടുമ്പാശ്ശേരി വഴി 50 ലക്ഷത്തിന്റെ സ്വർണ്ണം കടത്തിയ ബിൻഷാദ് ആ സ്വർണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ മറ്റാർക്കോ മറിച്ചുവിറ്റെന്നാരോപിച്ച് മലപ്പുറത്ത് നിന്നെത്തിയ ക്വട്ടേഷൻ ടീമായിരുന്നു ആക്രമണം നടത്തിയത്. പക്ഷെ സ്വർണ്ണടത്ത് അന്വേഷിക്കാതെയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം കൊടുത്തത്. റിമാൻഡിലായവരെല്ലാം പുറത്തിറങ്ങുകയും ചെയ്യ്തു.

അന്ന് കേസിൽ പ്രതിയായ ഒരാളെ ഞങ്ങൾ ഫോൺവിളിച്ചു. എല്ലാം പറഞ്ഞ് സെറ്റാക്കിയെന്നും കേസ് ഒത്തുതീരുമെന്നും അയാൾ പറയുന്നു.

സ്വർണ്ണം കൊണ്ട് മുങ്ങിയ ആളെ പൊക്കാനാണ് ഞങ്ങൾ വന്നതെന്ന് അക്രമി സംഘം തന്നെ പറഞ്ഞ കേസ്. എല്ലാം വ്യക്തമാകുന്ന സിസിടിവി തെളിവുകളുണ്ടായിട്ടും കടത്ത് സ്വർണ്ണം എവിടെ പോയെന്ന് പോലീസ് അന്വേഷിക്കാത്തത് ആരെ രക്ഷിക്കാനാണ് ?

സ്വർണ്ണക്കടത്ത് ക്വട്ടേഷനിലെ ചില കൊമ്പൻ സ്രാവുകളെക്കുച്ചുള്ള റിപ്പോർട്ട് നാളെ

click me!