സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ തുടരുന്നു; ടിപിആര്‍ പത്തിൽ കുറയാത്തതിൽ ആശങ്ക

By Web TeamFirst Published Jun 27, 2021, 7:36 AM IST
Highlights

കെഎസ്ആ‍ർടിസി ഇന്ന് പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. സ്വകാര്യ ബസുകൾ ഓടില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇന്നും തുടരും. വാരാന്ത്യ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥനകൾക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെങ്കിലും 15 പേർക്ക് പങ്കെടുക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകണമെന്ന് വിവിധ മതവിഭാഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ടിപിആർ കുറയാത്ത സാഹചര്യത്തിൽ അനുമതി നൽകേണ്ടെന്ന് ഇന്നലെത്തെ  അവലോകനയോഗം തീരുമാനിക്കുകയായിരുന്നു. 

കെഎസ്ആ‍ർടിസി ഇന്ന് പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. സ്വകാര്യ ബസുകൾ ഓടില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണോ വേണ്ടയോ എന്നത് സംബന്ധിച്ച് ചൊവ്വാഴ്ച്ച വീണ്ടും അവലോകനയോഗം ചേരും. 

കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ദർ നല്‍കുന്നത്. ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാംപിളുകൾ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാവുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!