
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതിഭാഗം അഭിഭാഷകനെ പൊലീസ് ഓഫീസർ അധിക്ഷേപിച്ചെന്ന് പരാതി. അഭിഭാഷകൻ ചാറ്റ് ജിപിടി നോക്കി കേസ് വാദിച്ചു എന്ന പരാമർശം വസ്തുതയ്ക്ക് നിരക്കാത്തതും അനവസരത്തിലുള്ളതും ആണെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പ്രതികരിച്ചു. കേസ് നടത്തുന്നതിനായി മോക് ട്രയൽ നടത്തി സാക്ഷികളെ പഠിപ്പിച്ചു എന്നത് തികച്ചും നിയമവിരുദ്ധമാണ്. അപക്വവും അടിസ്ഥാനരഹിതവും ആയ ആരോപണമാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിച്ചതെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ലോയേഴ്‌സ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
അഭിഭാഷകർ ഓഫീസർ ഓഫ് ദ കോർട്ട് ആണ് എന്ന സംഗതി സംശയാതീതമായ വിധിന്യായത്തിലൂടെ നിരവധി തവണ പരമോന്നത കോടതി അസന്നിഗ്ദ്ധമായി പ്രസ്താവിച്ച കാര്യമാണ്. ഒരു ക്രിമിനൽ കേസിലെ പ്രതിക്ക് വേണ്ടി കേസ് നടത്തുന്നതും വാദങ്ങൾ ഉന്നയിക്കുന്നതും പ്രതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍റെ ചുമതലയും കർത്തവ്യവുമാണ്. ഓരോ കേസും അന്തിമ വിധി ആകുന്നത് വരെയും കോടതിയെ സത്യം കണ്ടെത്താൻ സഹായിക്കുക എന്ന മഹത്തായ ഉദ്യമം ആണ് അഭിഭാഷകൻ ചെയ്യുന്നതെന്നും ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
ചെന്താമരയുടെ കേസിൽ വിധി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഡി വൈ എസ് പി മുരളീധരൻ തികച്ചും അടിസ്ഥാന രഹിതവും കേസ് നടത്തിയ അഭിഭാഷകനെതിരെ അധിക്ഷേപകരവും ആയ പ്രസ്താവന നടത്തിയതെന്ന് ലോയേഴ്‌സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam