
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളനാട് പഞ്ചായത്തിലെ (Vellanad Panchayath) ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററിലേക്ക് ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങള്‍ വാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബില്ലുകളിലും കണക്കുകളിലും കൃത്രിമം കാട്ടിയെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഒരേദിവസം വാങ്ങിയ അഞ്ചുകിലോ പഞ്ചസാരയ്ക്ക് 200 രൂപയും 400 രൂപയും വാങ്ങിയെന്നും കണ്ടെത്തി. വെള്ളനാട് പഞ്ചായത്തിലെ കൊവിഡിന്‍റെ മറവിലുള്ള വെട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
250 രോഗികളെ പ്രവേശിപ്പിച്ച വെള്ളനാട്ടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററിന് 16 ലക്ഷം രൂപ ചെലവായപ്പോള്‍ ഇരട്ടി രോഗികളെ പ്രവേശിപ്പിച്ച സമീപ പഞ്ചായത്തുകള്‍ക്ക് പകുതി പോലും ചെലവായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം സാധനങ്ങള്‍ വാങ്ങിയ ബില്ലുകള്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് വന്‍ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതും ഏഷ്യാനെറ്റ് ന്യൂസ് അത് പുറത്തുകൊണ്ടുവന്നതും. വാര്‍ത്തയ്ക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടര മാസം മുമ്പ് തന്നെ ബില്ലിലും കണക്കിലും തിരിമറി നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചെന്ന റിപ്പോര്‍ട്ട് പഞ്ചായത്ത് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തു. പക്ഷേ ഒരു നടപടിയും ഇന്നേവരെയില്ല. സംഭാവനകള്‍ സ്വീകരിച്ചതിന്‍റെ സ്റ്റോക്ക് രജിസ്റ്ററില്ല, വാങ്ങിയ സാധനങ്ങളുടെ ബില്ല് ക്രമപ്രകാരമല്ല, ഒരേ ദിവസത്തെ ബില്ലില്‍ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ഥ വില തുടങ്ങി അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൗരവമുള്ള കുറേയേറെ കണ്ടെത്തലുകളുണ്ട്.
വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെള്ളനാട് ശ്രീകണ്ഠന്‍ പ്രസിഡന്‍റായ സൊസൈറ്റിയില്‍ നിന്നാണ് പഞ്ചായത്ത് സാധനങ്ങള്‍ വാങ്ങിയത്. വ്യാജ ബില്ലുകളുണ്ടാക്കി നാലര ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും തെറ്റ് ചെയ്തില്ലെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സൊസൈറ്റി പ്രസിഡണ്ടുമായ വെള്ളനാട് ശ്രീകണ്ഠന്‍റെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതി കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വെള്ളനാട്ടെ കാര്യത്തില്‍ അനങ്ങുന്നേയില്ല. മന്ത്രി തന്നെ നിര്‍ദേശം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ് നടപടിയെടുക്കാതെ പൂഴ്ത്തിവയ്ക്കുന്നതും.
ഇടുക്കി: മേൽനോട്ട സമിതി വിപുലീകരിക്കുമ്പോൾ കേരളത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെ കൂടി ഉൾപ്പെടുത്തണമെന്ന് മുല്ലപ്പെരിയാർ (Mullaperiyar) സമര സമിതി. പുതിയ അണക്കെട്ടെന്ന കേരളത്തിന്‍റെ ആവശ്യത്തിന് ഇത്തവണയെങ്കിലും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. മുല്ലപ്പെരിയാർ മേൽനോട്ട സമതിയിൽ നിലവിലുള്ള അംഗങ്ങൾ തീരദേശവാസികളുടെ ആശങ്ക മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്നാണ് സമര സമിതിയുടെ പ്രധാന പരാതി. അതിനാലാണ് ഇക്കഴിഞ്ഞ മഴക്കാലത്ത് അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ ഉയർത്തി വൻതോതിൽ വെള്ളം തുറന്നുവിട്ടത്.
രാത്രി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടരുതെന്ന സംസ്ഥാനത്തിന്‍റെ ആവർത്തിച്ചുള്ള ആവശ്യത്തിൽ ഒന്നും ചെയ്യാൻ സമിതിക്കായില്ല. അഡീഷണൽ ചീഫ സെക്രട്ടറി വി ജെ കുര്യന് ശേഷം വന്ന കേരളത്തിൽ നിന്നുള്ള അംഗങ്ങൾ സംസ്ഥാനത്തിന്‍റെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ വിഴ്ച വരുത്തിയെന്നാണ് സമര സമിതിയുടെ ആരോപണം. ഷട്ടർ തുറക്കുന്നതിലുൾപ്പെടെ ഇടപെടാൻ കഴിയുന്ന തരത്തിൽ അധികാരമുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അണക്കെട്ടിന്‍റെ സുരക്ഷക്ക് പ്രാധാന്യം നൽകണമെന്നുള്ള സുപ്രീംകോടതിയുടെ അഭിപ്രായം പുതിയ അണക്കെട്ട് വേണമെന്നുള്ള സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് ബലമേകുമെന്നാണ് സമര സമിതിയുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam