
തിരുവനന്തപുരം: സിൽവർലൈൻ (Silver Line) സർവ്വേയിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ന് കല്ലിടൽ ഉണ്ടാകുമോ എന്നതിൽ കെ റെയിൽ (K Rail) വ്യക്തത വരുത്തിയിട്ടില്ല. അഥവാ കല്ലിട്ടാൽ പ്രതിഷേധം കടുപ്പിക്കാനാണ് സമരസമിതികളും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പലസ്ഥലങ്ങളിലും സർവേ നടപടികൾ നിലച്ചിരിക്കുകയാണ്. കൂടുതൽ പൊലീസ് സംരക്ഷണം ഇല്ലാതെ കല്ലിടലുമായി മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസികൾ കെ റെയിലിനെ അറിയിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി കരുത്താർജിച്ച ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ് തൽക്കാലത്തേങ്കിലും സിൽവർ ലൈനുമായി ബന്ധപ്പെട്ട സർവേ നടപടികൾ നിർത്തിവയ്ക്കപ്പെട്ടത്. എന്നാല്‍ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് സർക്കാർ. പദ്ധതി പ്രദേശത്തെ പാവം മനുഷ്യരാകട്ടെ ഭാവി ജീവിതത്തെ ഓർത്ത് ഭീതിയോടെ കഴിയുന്നു. സർക്കാരിന്റെ അവകാശ വാദങ്ങൾക്കും ജനങ്ങളുടെ ആശങ്കകൾക്കുമിടയിലെ വസ്തുതകൾ തേടി പുതിയ വാർത്താ പരമ്പരയ്ക്ക് തുടക്കമിടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നു മുതൽ. 'കെ റെയിൽ വഴിയിലെ കേരളം'.
ആറു മാസം മുമ്പ് നമ്പര്‍ ഇലവന്‍ കേരള റെയില്‍ എന്ന വാര്‍ത്താ പരമ്പരയിലൂടെ കെ റെയിലിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസ് കേരളത്തോട് പറയുമ്പോള്‍ ഈ പദ്ധതിയെ കുറിച്ചൊരു സ്വപ്ന രൂപം മാത്രമാണ് നമ്മുടെയെല്ലാം മുന്നിലുണ്ടായിരുന്നത്. പക്ഷേ ആറു മാസത്തിനിപ്പുറം സ്വപ്നവും കടന്ന് കുറേ മനുഷ്യരുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു നടുവില്‍ നിന്ന് ചൂളം വിളിക്കുകയാണ് കെ റെയില്‍.
മാടപ്പളളിയിലെ നാട്ടുകാരുടെ സങ്കടം നമ്മൾ കണ്ടു, തിരൂരിലും ചെങ്ങന്നൂരിലും വലിയ സംഘർഷമാണ് കെ റെയിൽ കല്ലിടൽ ഉണ്ടാക്കിയത്. കുടിയൊഴിയേണ്ടി വരുന്നവരുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ല. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്ന മഞ്ഞ കല്‍ കുറ്റികള്‍ ഭരണകൂടത്തിനും അതിന്‍റെ അനുകൂലികള്‍ക്കും ഭാവി വികസനത്തിന്‍റെ നാഴികകല്ലുകളാണെങ്കിലും സ്ഥലം വിട്ടു നൽകേണ്ടി വരുന്നവർക്ക് അത് ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്ന അനിശ്ചിതത്വത്തിന്‍റെ പ്രതീകമാണ്.
നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും കുടിയിറങ്ങേണ്ടി വരുമെന്ന ഭീഷണിയില്‍ കഴിയുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ക്ക് ആ മഞ്ഞ കല്ലുകൾ അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ പതിച്ച കരിങ്കല്‍ച്ചീളു മാത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam