
കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു.
സിദ്ദിഖ് സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേകുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു.
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പൊലീസ് കസ്റ്റഡിക്കെതിരെ ഇവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കൊച്ചിയിൽ തന്നെ വിവിധ ഇടങ്ങളിലായാണ് നടൻ ഒളിവിൽ കഴിയുന്നത്. ആദ്യം തെരച്ചിൽ ഊർജ്ജിതമാക്കിയ അന്വേഷണ സംഘം ഇപ്പോൾ നടപടികളുടെ വേഗത കുറച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണം.
സുപ്രീം കോടതിയിൽ സിദ്ദിഖിന് ഹർജി ഫയൽ ചെയ്യാനും കേസ് പരിഗണിക്കുന്നത് വരെ വേണ്ടത്ര സമയവും നൽകുന്നത് അന്വേഷണ സംഘവുമായുള്ള ധാരണയിലെന്നാണ് വിവരം. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാകും കേസ് പരിഗണിക്കുക. എന്നാൽ സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ അഭിഭാഷകരുമായി ചർച്ച ചെയ്ത് വാദമുഖങ്ങൾ കൃത്യമായി അവതരിപ്പിക്കും. ഇതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് എസ് പി മാർ ദില്ലിയിലെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam