പൊലീസിനെതിരായ റിപ്പോര്‍ട്ട് ചോര്‍ന്നു? ആരോപണം തള്ളാതെ അന്വേഷണ കമ്മീഷന്‍, കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

By Web TeamFirst Published Sep 9, 2021, 2:54 PM IST
Highlights

രഹസ്യവിവരങ്ങളുടെ ചോർച്ചയുടെ സാധ്യത കണക്കിലെടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ്.

തിരുവനന്തപുരം: പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങൾ നിയമസഭയിൽ വെയ്ക്കും മുമ്പ് ചോർന്നുവെന്ന ആരോപണം തള്ളാതെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ. കേരള പൊലീസിനെതിരായ ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കും മുമ്പെ പിടി തോമസ് സഭയിൽ തന്നെ ഉന്നയിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന് ഒടുവിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. 12-2-20 നായിരുന്നു റിപ്പോർട്ട് സഭയിൽ വെച്ചത്. ഔദ്യോഗികമായി സഭയിൽ റിപ്പോർട്ട് വെക്കും മുമ്പേ ഉള്ളടക്കം മനപ്പൂർവ്വം ചോർത്തിയെന്ന ഭരണപക്ഷ ആരോപണത്തിന്‍റെ സാധ്യത തള്ളാനാവില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. റിട്ടേർഡ് സ്പെഷ്യൽ സെക്രട്ടറി ആർ.രാജശേഖരൻ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോർട്ട് ചോർച്ച അന്വേഷിച്ചത്. 

രഹസ്യവിവരങ്ങളുടെ ചോർച്ചയുടെ സാധ്യത കണക്കിലെടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. സർക്കാർ ഉത്തരവിൽ പക്ഷെ വിവാദ സിഎജി റിപ്പോർട്ട് ആര്,എങ്ങിനെ ചോർത്തി തുടങ്ങിയ വിവരങ്ങൾ പറയുന്നില്ല. ഭാവിയിൽ വിവര ചോർച്ച തടയാനുള്ള ശുപാർശകളും കമ്മീഷൻ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാർ ഉത്തരവ്. ഫയലുകളും വിലപ്പട്ട വിവരങ്ങളും ലയസൺ ഓഫീസർമാർ വഴി സെക്ഷനുകളിൽ നിന്നും മേലുദ്യോഗസ്ഥർക്ക് പോകുന്ന രീതിയിൽ മാറ്റം വരുത്തണം. ലയസൺ ഓഫീസർമാരെ മൂന്ന് വർഷം കൂടുമ്പോൾ മാറ്റണം. അതീവ ഗൗരവമുള്ള ഫയലുകൾ നേരിട്ട് കൈമാറരുത്. പകരം ഇ മെയിലായി മാത്രം നൽകണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെച്ചത്. 

വിവരം ചോർത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് ഈ മാസം ഒന്നിന് ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. 2013 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കാലത്തെ സിഎജി റിപ്പോർട്ടിൽ ഉണ്ടായിരുന്നത് പൊലീസിനെതിരായ ഗുരുതര കണ്ടെത്തലുകളായിരുന്നു. ആയുധശേഖരത്തിലെ തിരകൾ കാണാതായി പൊലീസിന്‍റെ പല ഇടപാടുകളിലും ക്രമക്കേടുണ്ടെന്ന് എന്നൊക്കെയായിരുന്നു കണ്ടെത്തൽ. പക്ഷെ പിന്നീട് ക്രൈബ്രാഞ്ച് അന്വേഷണം സിഎജി കണ്ടെത്തലുകൾ തള്ളിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!