മരട് ഫ്ലാറ്റ് അഴിമതി: സിപിഎം നേതാവിന്‍റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

By Web TeamFirst Published Feb 23, 2020, 3:35 PM IST
Highlights

നിയമം ലംഘിച്ചുള്ള നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഫ്ലാറ്റുകള്‍ക്കായി സിപിഎം നേതാവിന്‍റെ ഇടപെടല്‍

കൊച്ചി: മരട് ഫ്ലാറ്റ് അഴിമതി കേസില്‍ സിപിഎം നേതാവ് കെഎ ദേവസിയുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരിസ്ഥിത ലോല പ്രദേശമായ മരടിനെ സിആർഇസഡ് രണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദേവസി സർക്കാരിന് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിയമം ലംഘിച്ചുള്ള നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഫ്ലാറ്റുകള്‍ക്കായി സിപിഎം നേതാവിന്‍റെ ഇടപെടല്‍. മരട് മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെഎ ദേവസിക്കെതിരെ അന്വേഷണം തുടങ്ങാൻ അനുമതി തേടി, രണ്ടര മാസം മുമ്പേ സർക്കാരിന് കത്ത് നല്‍കി കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ദേവസിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ്, ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

കെ.എ ദേവസി മരട് പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ 2006 ലാണ് അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് നിർമ്മാണ അനുമതി നല്‍കിയത്. ഇതിനെതിരെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷ്റഫ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിറകേയാണ് ഭൂമി തരംമാറ്റണമെന്നാവശ്യപ്പെട്ട് ദേവസി സർക്കാരിന് കത്തയക്കുന്നത്. തീരദേശ പരിപാലന ചട്ടപ്രകാരം പാരിസ്ഥിതിക ദുർബല പ്രദേശമായ മരടിനെ, കോസ്റ്റല്‍ റെഗുലേഷൻ സോണ്‍ മൂന്നില്‍ നിന്നും രണ്ടിലേക്ക് തരംമാറ്റണമെന്നായിരുന്നു ആവശ്യം. തദ്ദേശസ്വയംഭരണ സെക്രട്ടറിയോടും മന്ത്രിയോടുമാണ് ദേവസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നാണ് യോഗത്തിന്‍റെ മിനിട്സില്‍ ദേവസി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു തീരുമാനം യോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കുകയായിരുന്നു.

മരട് ഫ്ലാറ്റ് അഴിമതി: സിപിഎം നേതാവിന്‍റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

മൊഴികളും തെളിവുകളും ദേവസിക്കെതിരായിട്ടും അന്വേഷണത്തിന് സർക്കാരിന്‍റെ അനുമതിക്കായി കാത്തുനില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. കേസ് നിർണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി ജോസി ചെറിയാനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പുതിയ ഉദ്യോഗസ്ഥൻ ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടുമില്ല.

click me!