ഹോർമുസ് കടക്കാൻ എണ്ണ ടാങ്കറുകൾക്ക് അനുവാദമില്ല, ഇറാനുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി, പ്രതിസന്ധി രൂക്ഷം

Published : Mar 17, 2026, 08:45 AM IST
iran restricts oil tankers from hormuz strait india lpg shortage crude oil price surge

Synopsis

ഹോർമുസ് കടലിടുക്ക് കടക്കാൻ കൂടുതൽ എണ്ണ ടാങ്കറുകൾക്ക് അനുവാദം നല്കാതെ ഇറാൻ. എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ചർച്ചകൾ തുടരുകയാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി

ദില്ലി: ഹോർമുസ് കടലിടുക്ക് കടക്കാൻ കൂടുതൽ എണ്ണ ടാങ്കറുകൾക്ക് അനുവാദം നല്കാതെ ഇറാൻ. എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ചർച്ചകൾ തുടരുകയാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഒരു എൽപിജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഇന്ന് ഗുജറാത്തിലെത്തും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വില 93 ശതമാനം കൂടിയിരിക്കുകയാണ്. വാണിജ്യ എൽപിജി ക്ഷാമം കടുത്തതോടെ രാജ്യത്ത് ഹോട്ടൽ മേഖല സ്തംഭനത്തിലാണ്. ചെറുകിട റസ്റ്റോറന്‍റുകളടക്കം പൂട്ടി.

കഴിഞ്ഞ ദിവസം രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കര്‍ ഹോർമുസ് കടന്ന് മുംബൈയിലെത്തിയിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്. തിങ്കളാഴ്ചയോടെ കപ്പലിലെ എണ്ണ മാഹുലിലെ എച്ച്പിസി എൽ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവ്യാപാരം മുടങ്ങിയിരിക്കുകയാണ്. ഇതിനുശേഷം സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച് 11-ന് 'ഷെൻലോംഗ് സൂയസ്‌മാക്‌സ്' എന്ന കപ്പൽ മുംബൈയിലെ ജവഹർ ദ്വീപിൽ എത്തിയിരുന്നു.

ഇതിനിടെ ശനിയാഴ്ച യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനൽ ആക്രമിക്കപ്പെട്ടിരുന്നു. ഫുജൈറ തുറമുഖത്തെ പ്രധാന എണ്ണ ടെര്‍മിനലുകൾ ലക്ഷ്യമിട്ട്‌ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ വൻ നാശനഷ്‌ടമുണ്ടായി. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ വീണ്‌ വൻ തീപിടിത്തമുണ്ടായി. എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലായ ജഗ് ലാഡ്കി യു എ ഇയിലെ ഫുജൈറ സിംഗിൾ പോയിന്റ് മൂറിംഗിൽ അസംസ്കൃത എണ്ണ കയറ്റിക്കൊണ്ടിരിക്കുമ്പോഴാണ്, ഫുജൈറ എണ്ണ ടെർമിനൽ ആക്രമിക്കപ്പെട്ടത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 24 ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ രണ്ട് കപ്പലുകൾ എൽപിജിയുമായി മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലേക്ക് വരികയാണ്. യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 276 പേരെ വിവിധ കമ്പനികൾ ഇതിനകം ഒഴിപ്പിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നോബിൾ മാത്യുവിനെ സസ്പെൻഡ് ചെയ്ത് ബിജെപി; നടപടി സ്ഥാനാർത്ഥി പട്ടികക്കെതിരായ വിമർശനത്തിന് പിന്നാലെ
ജി സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്ന് യു പ്രതിഭ; 'ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല'