
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ 14.93 കോടി രൂപ ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരൻ തട്ടിയെടുത്തു. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2013 മുതൽ 2020വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്ക് സംഗീതാണ് കോടികള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്‍റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ സംഗീതിന്‍റെയും ബന്ധുവിന്‍റെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. വാര്‍ഷിക ഓഡിറ്റിൽ പിടിക്കപ്പെടാതിരിക്കാൻ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഏജന്‍റുമാര്‍ മാസം അവരുടെ വിഹിതം ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ഇതിൽനിന്നടക്കമാണ് വൻ തുക തട്ടിയെടുത്തത്.
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലാണ് ഇത്രയധികം തുകയുടെ വൻ തട്ടിപ്പ് നടന്നത്. ഏഴുവര്‍ഷത്തിനിടെ നടന്ന തട്ടിപ്പിന്‍റെ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നൽകിയിരുന്നു. തട്ടിപ്പിൽ ആരോപണവിധേയനായ സംഗീതിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ലോട്ടറി ഏജന്‍റുമാര്‍ പ്രതിമാസം നിശ്ചിത തുക ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ലോട്ടറിയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് ലോട്ടറി ഏജന്‍റുമാരുടെയും തൊഴിലാളികളുടെയും ക്ഷേമനിധി തുകയാണ് ഘട്ടം ഘട്ടമായി മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റി വലിയ രീതിയിലുള്ള തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ക്ഷേമനിധി ബോര്‍ഡിനും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോട്ടറി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥരാണ് ക്ഷേമനിധി ബോര്‍ഡിലുണ്ടായിരുന്നത്. ക്ലര്‍ക്കിന്‍റെ ജോലികള്‍ നിരീക്ഷിക്കുന്നതിനടക്കം സൂപ്പര്‍വൈസറോ മറ്റു ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. ആരും നിയന്ത്രിക്കാനില്ലാത്ത സ്ഥിതി വന്നപ്പോള്‍ ക്ഷേമനിധി ബോര്‍ഡിലേക്ക് വന്ന പണം ഘട്ടം ഘട്ടമായി പല അക്കൗണ്ടുകളിലേക്ക് ക്ലര്‍ക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam