
തൃശൂര്‍: തൃശൂരിൽ നാളെ മുതൽ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി. ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് ഗോപി തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്‍റെ ഒരുക്കം വിലയിരുത്തിയത്. മുഖ്യവേദി സന്ദര്‍ശിച്ചശേഷം ഊട്ടുപുരയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. 2026ലെ തൃശൂര്‍ പൂരത്തിന്‍റെ കര്‍ട്ടൻ റെയ്സറായിരിക്കും കലോത്സവമെന്നും പൂരം കാണുന്നപോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കുമെന്നും വേദി സന്ദര്‍ശിച്ചശേഷം സുരേഷ്‍ഗോപി പ്രതികരിച്ചു.
ക്ലാസിക് കലകളും മിമിക്രിയുമടക്കം കാണാനായി കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കലോത്സ വേദികളുടെ പേരുകളിൽ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ്‍ഗോപി പ്രതികരിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നമെന്നും രാഷ്ട്രം എന്ന് വിചാരിച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്? പൂജാ പുഷ്മാണ് താമര. കുളത്തിൽ താമര വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോള്‍ അത് നോക്കി നിൽക്കുകയല്ലാതെ ആരെങ്കിലും പെട്രോള്‍ ഒഴിച്ച് കത്തിക്കുമോ? വേദികളുടെ പേരിൽ നിന്ന് താമരയെ ഒഴിവാക്കാനുള്ള തീരുമാനമെടുക്കുന്നതിന് സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യത്തോട് സ്വാമിയേ ശരണമയ്യപ്പ 'എന്ന മറുപടി സുരേഷ് ഗോപി ആവര്‍ത്തിച്ചു.
നാളെ മുതൽ 18വരെയാണ് 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരിൽ നടക്കുക. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. വേദികളുടെ പേരുകളിൽ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. യുവമോര്‍ച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു. മറ്റെല്ലാ പൂക്കളുടെയും പേരും നൽകിയപ്പോള്‍ താമര ഒഴിവാക്കിയത് രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ വേദി 15ന് താമര എന്ന പേരിടുകയായിരുന്നു. വേദി ഒന്നിന് ആദ്യം നൽകിയ ഡാലിയ എന്ന പേര് മാറ്റി താമര എന്ന് നൽകിയതായും വിവാദങ്ങള്‍ ഒഴിവാക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയത്. വേദിക്ക് താമര എന്ന പേര് നൽകാനുള്ള തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തിരുന്നു.
അതേസമയം, കലോത്സവത്തിനായി തൃശൂര്‍ ഒരുങ്ങി കഴിഞ്ഞു. കലോത്സവത്തിന്‍റെ ഒരുക്കം വിലയിരുത്താൻ ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു. സംസ്ഥാന സ്കൂൾ കലോത്സവം ചാമ്പ്യന്മാർക്ക് നൽകുന്ന സ്വർണക്കപ്പ് കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിൽ പ്രവേശിച്ചത്. 13 ജില്ലകളിലെയും പര്യടനം പൂര്‍ത്തിയാക്കിയാണ് തൃശൂരിലെത്തിയത്. ചാലക്കുടി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കപ്പിന് ആവേശോജ്ജ്വലമായ സ്വീകരണം നൽകി. തൃശ്ശൂർ കളക്ടർ അർജുൻ പാണ്ട്യന്‍റെ നേതൃത്വത്തിലാണ് സ്വർണ്ണക്കപ്പിനെ വരവേറ്റത്. ചാലക്കുടിയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും കപ്പിനെ അനുഗമിച്ചു. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പ്രധാനവേദിയിൽ സ്വർണക്കപ്പ് എത്തിച്ചേരും. ബുധനാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam