'കണക്ടാകാതെ കെ ഫോണ്‍': മാനദണ്ഡങ്ങള്‍ മറികടന്ന് കരാര്‍ നല്‍കി, അധിക ചിലവ്, അട്ടിമറിച്ചത് ശിവശങ്കറിന്‍റെ കത്ത്

Published : Sep 10, 2022, 07:46 AM ISTUpdated : Sep 10, 2022, 07:49 AM IST
'കണക്ടാകാതെ കെ ഫോണ്‍': മാനദണ്ഡങ്ങള്‍ മറികടന്ന് കരാര്‍ നല്‍കി, അധിക ചിലവ്, അട്ടിമറിച്ചത് ശിവശങ്കറിന്‍റെ കത്ത്

Synopsis

നിലവിലുള്ള ടെണ്ടര്‍ മാനദണ്ഡങ്ങൾ മറികടന്ന് നൽകിയ കരാർ കൊണ്ട് സർക്കാരിനുണ്ടായത് 500 കോടി രൂപയുടെ അധിക ചെലവാണ്.

തിരുവനന്തപുരം: അഭിമാന പദ്ധതിയെന്ന് പ്രഖ്യാപിച്ച് സർക്കാർ ആവിഷ്കരിച്ച കെ ഫോൺ  നടത്തിപ്പിന് ടെണ്ടര്‍ ഉറപ്പിച്ചതിലും വൻ ക്രമക്കേട്. നിലവിലുള്ള ടെണ്ടര്‍ മാനദണ്ഡങ്ങൾ മറികടന്ന് നൽകിയ കരാർ കൊണ്ട് സർക്കാരിനുണ്ടായത് 500 കോടി രൂപയുടെ അധിക ചെലവാണ്. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുൻപ് തന്നെ പണി തുടങ്ങാൻ കരാറുകാർക്ക് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ എഴുതിയ ഒറ്റ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടിയത്രയും.

2017 ലെ ബജറ്റ് പ്രസംഗത്തിലായിരുന്നു പിണറായി സര്‍ക്കാരിന്‍റെ കെ ഫോൺ പ്രഖ്യാപനം. 1028.20 കോടിയുടെ പദ്ധതി. നടത്തിപ്പ് ചുമതല കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ഏൽപ്പിച്ച്  ഉത്തരവിറക്കിയത് 2017 മെയ് 18 ന്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സര്‍ക്കാരും ചേര്‍ന്ന് സ്പെഷ്യൽ പര്‍പ്പസ് വെഹിക്കിൾ ഉണ്ടാക്കി. ടെണ്ടറിൽ പങ്കെടുത്ത രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപങ്ങളും രണ്ട്‌ സ്വകാര്യ സ്ഥാപനങ്ങളും അടങ്ങുന്ന ഒരു കൺസോർഷ്യം ടെൻഡർ തുകയുടെ 58.5  ശതമാനം ഉയര്‍ത്തിയാണ് ക്വാട്ട് ചെയ്തത്. ആവശ്യപ്പെട്ട തുക 1628.35 കോടി.

സ്വപ്‍ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമങ്ങളിൽ ദുരൂഹ ഇടപാടുകൾ കടന്നുകൂടുന്നത് ഇവിടം മുതലാണ്. അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ 2019 ഫെബ്രുവരി 16 ന്  കെഎസ്ഐടിഎല്‍ എംഡിക്ക് അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ, തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും വരുന്നു, അഭിമാന പദ്ധതിയുടെ പണി വൈകിക്കൂട, 1628.35 കോടിയുടെ ടെണ്ടര്‍ സാധുവാക്കി മുന്നോട്ടു പോകാം. സര്‍ക്കാര്‍ ഉത്തരവ് പിന്നാലെ വരും. ഭാരത് ഇലട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള കൺസോര്‍ഷ്യത്തിന് ഉയര്‍ന്ന തുകയ്ക്ക് ടെണ്ടര്‍ ഉറപ്പിച്ച് നൽകാൻ എം ശിവശങ്കര്‍ നടത്തിയ ഇടപെടൽ പകൽ പോലെ വ്യക്തമാണ്. ടെണ്ടറനുസരിച്ച് പണി തുടങ്ങിയെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത് പിന്നെയും അഞ്ചുമാസം കഴിഞ്ഞാണ്.

ഇനി സര്‍ക്കാരിന്‍റെ ടെണ്ടര്‍ മാനദണ്ഡങ്ങൾ നിശ്ചയിച്ച്  അന്നത്തെ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കൂടിയായിരുന്ന കിഫ്ബി സിഇഒ കെ എം എബ്രഹാം 2017 ൽ തയ്യാറാക്കിയ നിബന്ധനകൾ കാണുക. ഇതനുസരിച്ച്  എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനത്തിലധികം ക്വാട്ട് ചെയ്താൽ വീണ്ടും ടെണ്ടര്‍ ചെയ്യണം. എന്നിട്ടും ഉയർന്ന തുക ആവര്‍ത്തിച്ചാൽ ആ ടെണ്ടര്‍ റദ്ദാക്കി വീണ്ടും ടെണ്ടര്‍  നടത്തണം. സര്‍ക്കാരിന്‍റെ ടെണ്ടര്‍ മാനദണ്ഡം അനുസരിച്ചെങ്കിൽ പരമാവധി 1130 കോടിക്ക് അനുവദിക്കേണ്ട ടെണ്ടറാണ് അന്നത്തെ  ഐടി സെക്രട്ടറി വളയമില്ലാതെ ചാടി 1600 കോടിയാക്കിയതെന്ന് ചുരുക്കം. ഒന്നും രണ്ടുമല്ല അധിക ചെലവ് വന്നത് 500 കോടി രൂപയാണ്. അടിയന്തരമായി തീര്‍ക്കണമെന്ന് തീരുമാനിച്ച പദ്ധതിയാകട്ടെ അനിശ്ചിതമായി നീളുകയുമാണ്.

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും