
പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇര്‍ഷാദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ദുബൈയില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി ജസീലിന്‍റെ പിതാവ് ജലീൽ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. മകൻ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ തടവിലാണെന്ന് മൂന്ന് മാസം മുൻപ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.ദുബായിൽ നിന്ന് ഭീഷണി കോൾ വന്നതിൻ്റെ പിന്നാലെയാണ് പരാതി നൽകിയത്.സ്റ്റേഷനിൽ ചെന്ന് ചോദിക്കുമ്പോൾ അന്വേഷണം നടക്കുന്നു എന്ന് പറഞ്ഞ് മടക്കി അയക്കും..ദുബായിൽ ജസീലിൻ്റെ ജീവൻ അപകടത്തിലാണ്.മകന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കണ്ണൂര്‍ സ്വദേശി ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ, ക്രൂരപീഡനം
പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്. ഇയാളെ തടങ്കലിലാക്കിയത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന. ഈ സംഘം ഇര്‍ഷാദിന്‍റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു. ജസീലിന് ക്രൂരമര്‍ദനമേറ്റതിന്‍റെ ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി ബന്ധപ്പെടുത്തിയത് ജസീലായിരുന്നു. എന്നാൽ നാട്ടിലെത്തിയ ശേഷം ഇര്‍ഷാദ് സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെയാണ് സ്വർണ്ണം കൊടുത്തുവിട്ട സ്വാലിഹിന്റെ സംഘം ഇഷാദിനെ പരിചയപ്പെടുത്തിയ ജസീലിനെ തടങ്കലിലാക്കി. ഇതിന് ശേഷമാണ് സ്വാലിഹ് നാട്ടിലേക്ക് വന്നതും ഇഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്
മലബാറിലെ സ്വർണക്കടത്തിൻ്റെ ഭീകരതയിലേക്ക് കൂടിയാണ് കോഴിക്കോട് ജില്ലയിലെ നാല് ചെറുപ്പക്കാരുടെ തിരോധാനവും അതിലൊരാളുടെ മരണവും വിരൽ ചൂണ്ടുന്നത്. ഇർഷാദ്, ദീപക്, റിജേഷ്, അജാസ് എന്നിങ്ങനെ നാല് പേരെയാണ് ജൂണ്‍, ജൂലൈ മാസങ്ങളിൽ കാണാതായത്. ഇവരിൽ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി വ്യക്തമായി. മറ്റു മൂന്ന് പേര്‍ എവിടെ എന്നതിൽ ഇതുവരെ പൊലീസിന് വ്യക്തതയില്ല. സ്വര്‍ണക്കടത്തും കടത്ത് പൊട്ടിക്കലും നേരത്തെ തന്നെ മലബാറിൽ സജീവമാണ്. എന്നാൽ കാരിയര്‍മാര്‍ കൊല്ലപ്പെട്ടുകയും തട്ടിക്കൊണ്ടു പോകപ്പെടുകയും ഒളിവിൽ പോകുകയുമെല്ലാം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത് വളരെ പെട്ടെന്നാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam