നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്പിയെ തള്ളി സിപിഎം ജില്ലാനേതൃത്വം, തള്ളാതെ എംഎം മണി

By Web TeamFirst Published Jul 2, 2019, 12:40 PM IST
Highlights

എസ്പി കുറ്റക്കാരനല്ലെന്ന മുന്‍ നിലപാട് തിരുത്താന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തയ്യാറായെങ്കിലും അതിന് താന്‍ വഴങ്ങില്ലെന്ന സൂചനയാണ് മന്ത്രി എം.എം. മണിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ഇടുക്കി/കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഇടുക്കി എസ്പിയെ തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം. എസ്പി കുറ്റക്കാരനല്ലെന്ന മുന്‍ നിലപാട് തിരുത്താന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തയ്യാറായെങ്കിലും അതിന് താന്‍ വഴങ്ങില്ലെന്ന സൂചനയാണ് മന്ത്രി എം.എം. മണിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. 

ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി ആദ്യം സ്വീകരിച്ച നിലപാട്. ഇത് വ്യക്തമാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ, എസ്.ഐ എന്നിവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തിയ ഒത്തുകളിയായിരുന്നു രാജ്‍കുമാറിന്‍റെ അനധികൃതകസ്റ്റഡി എന്നായിരുന്നു സിപിഎം ആരോപിച്ചത്. സര്‍ക്കാരിന്‍റെ ആജ്ഞാനുവര്‍ത്തിയായി എസ്പി പ്രവര്‍ത്തിച്ചു എന്ന ആരോപണം നിലനില്‍ക്കെത്തന്നെയായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ.ജയച്ചന്ദ്രന്‍റെ പേരിലുള്ള ഈ വാര്‍ത്താകുറിപ്പ് പുറത്തുവന്നത്.

എന്നാല്‍, മുന്‍ നിലപാടിന് കടകവിരുദ്ധമായ സമീപനമാണ് ഇടുക്കി സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കസ്റ്റഡി മർദ്ദനത്തിൽ പങ്കുള്ള മുഴുവൻ പോലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് കെ.കെ.ജയച്ചന്ദ്രന്‍ പറയുന്നത്. ആരെയും സംരക്ഷിക്കാനോ വെള്ളപൂശാനോ സിപിഎം ഇല്ല. കേസില്‍ എസ്പിയുടെ പങ്കും അന്വേഷിക്കണം എന്നാണ് നിലപാടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, എസ്പിയെ തള്ളാതെയുള്ള നിലപാടാണ് മന്ത്രി എം.എം.മണി ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്.പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കാനാവില്ല എന്നാണ് എസ്പിക്കെതിരായ ആരോപണത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. എസ്പി യെ പ്രതിപക്ഷം ടാർഗറ്റ് ചെയ്യുകയാണ്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പറയുന്നതൊക്കെ വിഡ്ഢിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

click me!