സഭാതര്‍ക്കം: ഉത്തരവ് നടപ്പായില്ലെങ്കില്‍ ചീഫ് സെക്രട്ടറി ജയില്‍ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി

By Web TeamFirst Published Jul 2, 2019, 11:59 AM IST
Highlights

കോടതിയുടെ വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കും എന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും നിർദ്ദേശിച്ചു.


ദില്ലി: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്ക സഭാ തർക്കകേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അമാന്തിക്കുന്നുവെന്ന് ആരോപിച്ച ജസ്റ്റിസ് അരുൺ മിശ്ര കോടതിയിൽ ക്ഷുഭിതനായി. കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും പറഞ്ഞു. ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്നും കട്ടച്ചൽ, വാരിക്കോലി പള്ളികൾ നൽകിയ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞു

2017 ജൂലൈ മൂന്നിന് മലങ്കര പള്ളിക്ക് കീഴിലുള്ള പള്ളികളും 934ലെ ഭരണഘടന പ്രകാരം  ഭരിക്കണമെന്ന് കോടതി വിധിച്ചിരുന്നു. അതിന് ശേഷം ഇതേ വിഷയത്തിൽ നിരവധി ഹർജികൾ കോടതിക്ക് മുന്നിൽ എത്തിയിരുന്നുവെങ്കിലും അതെല്ലാം സുപ്രീം കോടതി തള്ളിയതായിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും ഒരു ഹർജി എത്തിയപ്പോഴാണ് സുപ്രീം കോടതി വിമർശനം നടത്തിയത്. 

കേരള സർക്കാർ നിയമത്തിനു മുകളിൽ ആണോ എന്ന് ചോദിച്ച കോടതി, വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്ന് പറ‍ഞ്ഞ കോടതി കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ അഭിഭാഷകനോട് നിർദ്ദേശിച്ചു. 

ഇനിയും വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവും, വിധി മറികടക്കാനുള്ള എന്തെങ്കിലും നീക്കം നടത്തിയിട്ടുണ്ടെങ്കിൽ  ചീഫ് സെക്രട്ടറിക്ക് എതിരെ നടപടിയെടുക്കും. വിധി നടപ്പക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണം സുപ്രീം കോടതി ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും, ഇത്രയും കാലമായിട്ടും വിധി നടപ്പാക്കുന്ന കാര്യത്തിൽ നടപടിയുണ്ടാകാത്ത സ്ഥിതിക്ക് ഇനി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കോടതി നിരീക്ഷിക്കുമെന്നും സുപ്രീം കോടതി പറ‍ഞ്ഞു.

click me!