
കൊച്ചി: കാടിനുള്ളിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദ്ദേശം നൽകി. അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ- മൃഗ സംഘർങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്താണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ അഭിനന്ദന കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷത്വപരമായ അടയാളമായെന്ന് ദൗത്യസേനക്ക് നന്ദി പറഞ്ഞുള്ള കത്തിൽ ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത കോടതി വിശദമായി ആരാഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. റേഡിയോ കോളർ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്നാട് വനാതിർത്തിയിലാണ് നിലവിലുള്ളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.
വിഷയത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ,മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിർത്താൻ ശ്രമങ്ങൾ ഉണ്ടാകണമെന്നും കോടതി വീണ്ടും ഓർമിപ്പിച്ചു. ഇതിനായി ടാസ്ക് ഫോഴ്സ് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കാനും നിർദ്ദേശം നൽകി. നിലവിലെ കേസിന്‍റെ അമിക്കസ് ക്യൂറി രമേശ് ബാബുവാകും സമിതി അദ്ധ്യക്ഷൻ. മറ്റ് അംഗങ്ങളെ ശുപാർശ ചെയ്യാനും സർക്കാരിന് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. പ്രശ്നങ്ങളുണ്ടാകുമ്പോൾ മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി ഇന്നും ആവർത്തിച്ചു. അരിക്കൊമ്പനെ മാറ്റിയതിന് ശേഷവും ചക്കക്കൊമ്പന്‍റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്.
ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റിന് വിമര്‍ശനം
ദൗത്യ സംഘവുമായി സഹകരിക്കാത്ത ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റിനെ കോടതി വിമർശിച്ചു. ടാസ്ക് ഫോഴ്സ് യോഗത്തിന്‍റെ മിനുട്സ് കിട്ടിയില്ലെന്ന പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കോടതി പരാമർശം. ജനപ്രതിനിധികൾ രാഷ്ട്രീയം കളിക്കരുതെന്നും പ്രശ്നങ്ങൾ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ താക്കീത് നൽകി. പ്രദേശത്ത് മാലിന്യനീക്കത്തിൽ വീഴ്ച വരുത്തുന്നതും മൃഗങ്ങൾ നാടിറങ്ങാനുള്ള കാരണമെന്നും കോടതി പറഞ്ഞു. ഭക്ഷണാവശിഷ്ടങ്ങളിൽ ആകൃഷ്ടരായി മൃഗങ്ങൾ എത്തുന്ന സാഹചര്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam