പ്രതിപക്ഷത്തിന്റെ അവകാശലംഘനപരാതിയിൽ ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻചിറ്റ്

By Web TeamFirst Published Jan 20, 2021, 12:18 PM IST
Highlights

നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. വി ഡി സതീശനാണ് ഐസക്കിനെതിരെ അവകാശലംഘനപരാതി കൊടുത്തത്. എ പ്രദീപ്കുമാർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി ഐസക്കിനെയും സതീശനെയും വിളിച്ച് വരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശലംഘനപരാതിയിൽ ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻചിറ്റ്. പരാതിയിൽമേലുള്ള തുടർനടപടി അവസാനിപ്പിക്കണമെന്ന ശുപാർശയോടെ റിപ്പോർട്ട് നിയമസഭയിൽ വച്ചു. സർക്കാരിന്റെ വാദം കേൾക്കാതെ റിപ്പോർട്ട് തയ്യാറാക്കിയെന്ന സിഎജിക്കെതിരായ ഐസക്കിന്റെ പരാതി ഗൗരവമേറിയതാണെന്ന് എത്തിക്സ് കമ്മിറ്റി വിലയിരുത്തി.

നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. വി ഡി സതീശനാണ് ഐസക്കിനെതിരെ അവകാശലംഘനപരാതി കൊടുത്തത്. എ പ്രദീപ്കുമാർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി ഐസക്കിനെയും സതീശനെയും വിളിച്ച് വരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 

ഭരണപക്ഷാംഗങ്ങൾ ഭൂരിപക്ഷമുള്ള കമ്മിറ്റി ഐസക്കിന്റെ വാദങ്ങളാണ് അംഗീകരിച്ചത്. സർക്കാരിന്റ വാദം കേൾക്കാതെ സിഎജി റിപ്പോർട്ടിൽ ചില കൂട്ടിച്ചേർക്കലുകൾ വരുത്തി. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. അത് കൊണ്ടാണ് വിശദീകരണവുമായി രംഗത്ത് വന്നതെന്നായിരുന്നു ഐസക്കിന്റെ വിശദീകരണം. ഇതാണ് അവകാശലംഘനപരിതിയേക്കാൾ ഗൗരവമെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തൽ. ഐസക്കിനെതിരെ നടപടി വേണ്ടെന്ന ശുപാർശക്ക് പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 

click me!