ഡിസിസി പട്ടികയിൽ തീരാത്ത തര്‍ക്കം: ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തി താരിഖ് അൻവർ

By Web TeamFirst Published Aug 19, 2021, 7:14 PM IST
Highlights

സോണിയാഗാന്ധിയുടെ നിർദേശ പ്രകാരമാണ് ചർച്ച. പരാതി ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് താരിഖ് അൻവര്‍ സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നൽകും. 

ദില്ലി: ഡിസിസി അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നതിലെ പൊട്ടിത്തെറിയിൽ സോണിയാഗാന്ധി അതൃപ്തി അറിയിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവര്‍. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും താരിഖ് അൻവര്‍ ഫോണിൽ വിളിച്ച് സംസാരിച്ചു. സോണിയാഗാന്ധിയുടെ നിർദേശ പ്രകാരമാണ് ചർച്ച. പരാതി ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് താരിഖ് അൻവര്‍ സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നൽകും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന് ചെന്നിത്തല എ ഐ സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. പാർടിയിൽ ഭിന്നതയെന്ന തോന്നൽ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും പ്രത്യേക പട്ടികയൊന്നും നൽകാനില്ലെന്നും ചെന്നിത്തല അറിയിച്ചതായും സൂചനയുണ്ട്. 

ചര്‍ച്ചകളില്ലാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയ തീരുമാനം എടുക്കുന്നു എന്ന രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരാതിയിലാണ് സോണിയാഗാന്ധിയുടെ ഇടപെടൽ. അംഗീകാരത്തിനായി ഡിസിസി അദ്ധ്യക്ഷന്മാരുടെ പേരുകൾ നൽകിയ ശേഷവും മുതിര്‍ന്ന നേതാക്കൾ പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തെ കുറിച്ച് വിശദാംശങ്ങൾ നൽകാൻ സംഘടന ചുമതലയുള്ള ജന.സെക്രട്ടറിയോട് സോണിയാഗാന്ധി ആവശ്യപ്പെട്ടു. 

ഉച്ചക്ക് ശേഷം രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കളുമായും താരിഖ് അൻവര്‍ സംസാരിച്ചു. ചര്‍ച്ചകൾ തുടരുകയാണെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് താരിഖ് അൻവറിന്‍റെ പ്രതികരണം. ഓരോ തീരുമാനത്തിലും മുതിര്‍ന്ന നേതാക്കളും പുതിയ നേതൃത്വത്തവും ഏറ്റുമുട്ടുന്ന കേരളത്തിലെ സ്ഥിതിയിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാന്‍റിനുള്ളത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന നിര്‍ദ്ദേശം പുതിയ നേതൃത്വത്തിന്  നൽകിയിരുന്നു. 

അത് നടപ്പാകാത്ത സാഹചര്യമുണ്ടോ എന്ന് ഹൈക്കമാന്‍റ് പരിശോധിക്കും. അതിന് ശേഷമാകും കേരളത്തിലെ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഡിസിസി അദ്ധ്യക്ഷന്മാരുടെ പേരുകൾ എഐസിസി നേതൃത്വത്തിന് കേരള നേതാക്കൾ നൽകിയത്. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിച്ച് രംത്തെത്തിയതാണ് ഹൈക്കമാന്‍റിനെയും പ്രതിസന്ധിയാക്കിയത്. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിളിച്ച് ഹൈക്കമാൻഡ് നടത്തിയ അനുനയനീക്കങ്ങൾ ഡിസിസി പട്ടികയിലെ തർക്കത്തോടെ പൊളിഞ്ഞിരിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!