
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണം എന്നാഗ്രഹിച്ചതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ നേർക്ക് നേർ. സഭാ മന്ദിരത്തിൽ അസാധാരണ പ്രതിഷേധമാണ് അരങ്ങേറിയത്. അംഗങ്ങളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്.
'ചെങ്കോട്ടുകോണത്ത് 16 വയസ്സുള്ള ഒരു പെൺകുട്ടിയെ പട്ടാപ്പകൽ നടന്നു പോകുമ്പോൾ രണ്ട് പേർ ബൈക്കിൽ വന്ന്, മുടിക്ക് പിടിച്ചു വലിച്ചു. അവരതിനെ ശക്തിയായ പ്രതിഷേധിച്ചു. അവർ ബൈക്ക് നിർത്തി ഇറങ്ങി വന്നിട്ട് വേറെ രണ്ട് പേരും കൂടി ചേർന്ന് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ വഴിയിലിട്ട് ചവിട്ടി കൂട്ടി. ആ കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ. നെറ്റിയിലും നെഞ്ചിലും ഇടിക്കുകയും ചെയ്തു. അവളുടെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞാൻ പിടിച്ചു മാറ്റാൻ ചെന്നപ്പോൾ സ്കൂട്ടർ ഓടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്ത ആൾ എന്നെ കഴുത്തിൽ തൂക്കി എടുത്തെറിഞ്ഞു. അക്രമികളുടെ രണ്ട് സുഹൃത്തുക്കൾ കൂടി ചേർന്ന് അവളെ മർദ്ദിക്കാൻ തുടങ്ങി. അവൾ കുഴഞ്ഞുവീണപ്പോൾ നാലുപേരും കൂടി അവളെ നിലത്തിട്ട് ചവിട്ടുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. തെറിവിളിച്ചുകൊണ്ടാണ് എല്ലാവരും ഇടിച്ചത്. അതിനിടയിൽ അതൊരു പെൺകുട്ടിയാണെന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആണായാലും പെണ്ണായാലും ഞങ്ങൾ അടിക്കും എന്ന് പറഞ്ഞാണ് അവർ മർദ്ദനം തുടർന്നത്.' പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
ഇത്തരത്തില്‍ സ്ത്രീകളും കുട്ടികളും നിരന്തരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ആവർത്തു വരികയാണ്. 2020 ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 12609 ആണെങ്കിൽ 2021 ൽ 16199 ലേക്ക് ഉയരുകയും 2022 ൽ അത് 19000ത്തോളം ആയി മാറുകയും ചെയ്തു എന്ന് വി ഡി സതീശൻ വ്യക്തമാക്കി. പോക്സോ കേസുകളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് അതിക്രമങ്ങൾക്കിരയാകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുപോലെത്തെ വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാണ് സഭ കൂടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'സലാം എംഎല്‍എ ചവിട്ടി, വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു'; ഗുരുതര ആരോപണവുമായി കെ കെ രമ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam