ജീവനക്കാര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാപ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

By Web TeamFirst Published Feb 20, 2020, 7:13 PM IST
Highlights

സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് രക്തപരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ഓഫീസുകള്‍ അടച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു. 

ബെംഗളൂരു: രണ്ട് ജീവനക്കാര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രമുഖ ജര്‍മ്മന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ സാപ്പ് (SAP) ഇന്ത്യയുടെ ഓഫീസുകള്‍ അടച്ചു. കമ്പനിയുടെ മുംബൈ, ഗുഡ്‍ഗാവ്, ബെംഗളൂരു നഗരങ്ങളിലെ ഓഫീസുകളാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധയെ പേടിച്ച് അടച്ചത്. 

സാപ്പിന്‍റെ ബെംഗളൂരു ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 28 വരെ ജീവനക്കാര്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കമ്പനി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. സരജ്‍പുര്‍- മറാത്തഹള്ളി ഔട്ടര്‍റിംഗ് റോഡിലെ  ബെംഗളൂരു ആര്‍എംഎസ് ഇക്കോവേള്‍ഡിലാണ് കമ്പനിയുടെ ബെംഗളൂരു ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 

സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് രക്തപരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ഓഫീസുകള്‍ അടച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു. വൈറസ് ബാധിതരായ ജീവനക്കാര്‍ മറ്റു ജീവനക്കാരുമായി അടുത്ത് ഇടപെട്ടിരിക്കാനുള്ള സാധ്യതയുള്ളിതിനാലാണ് ഓഫീസ് അടിയന്തരമായി അടച്ചു പൂട്ടിയതെന്നും കമ്പനി വ്യക്തമാക്കി. 

ഏതെങ്കിലും ജീവനക്കാര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ രോഗലക്ഷണങ്ങളുണ്ടായാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ഓഫീസുകളും അടുത്ത രണ്ട് ദിവസത്തില്‍ സമ്പൂര്‍ണമായി ശുചീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.   

click me!