
കൊച്ചി: ക്വാറി ഉടമകളുടെ (Quarry Owners) വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 120 കോടി രൂപയുടെ ബിനാമി നിക്ഷേപം കണ്ടെത്തി. ഇരുനൂറ് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കണക്കിൽപ്പെടാത്ത രണ്ടുകോടി രൂപയും കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് എറണാകുളം , കോട്ടയം ജില്ലകളിടെ പാറമട ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മൂന്നു ദിവസം പരിശോധന നടത്തിയത്. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്സ്, ഇലഞ്ഞിയിലെ ലക്ഷ്വറി ഗ്രൈനൈറ്റ്സ്, നെടുകുന്നത്തെ റോയൽ ഗ്രാനൈറ്റ്സ്, കോതമംഗലത്തെ വ്യവസായി റോയ് കുര്യൻ തണ്ണിത്തോടിന്‍റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങൾ, വാളകത്തെ കരാറുകാരനായ കാവികുന്നിൽ പൗലോസിന്‍റെ വീട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
മൂന്നു ദിവസത്തെ റെയ്ഡിൽ 120 കോടിയുടെ ബിനാമി നിക്ഷേപം ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞെന്നാണ് സൂചന. 230 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. കാര്യമായ യാതൊരു കണക്കുകളുമില്ലാത്തെ വിവിധ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്ക് പാറ പൊട്ടിച്ച് കയറ്റി വിട്ടിട്ടുണ്ട്. കണക്കിൽപ്പെടാത്ത ഇടപാടുകളാണ് ഭൂരിഭാഗവും. ചില ക്വാറി ഉടമകൾ നടത്തിയ വൻതോതിലുളള ക്രിപ്റ്റോ കറൻസി ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോണും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
ഇലഞ്ഞിയിലെ ലക്ഷ്വറി ഗ്രാനൈറ്റ്സിന്‍റെ പുറത്ത് നിർത്തിയിട്ടിരുന്ന കേടായ ലോറിക്കുളളിൽനിന്നാണ് നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇവിടുത്തെ ചില ജീവനക്കാർ എറിഞ്ഞുകളഞ്ഞ പെൻഡ്രൈവ് സമീപത്തെ കുറ്റിക്കട്ടിൽ നിന്ന് കണ്ടെടുത്തു നെടുകുന്നത്തെ റോയൽ ഗ്രാനൈറ്റ്സിലെ പരിശോധന്ക്കിടെ ശുചിമുറിയിലെ ക്ലോസറ്റിലൂടെ ഒഴുക്കിക്കളയാൻ ശ്രമിച്ച ചില രേഖകളും ആദായ നികുതി വകുപ്പിന് കിട്ടിയിട്ടുണ്ട്. വിശദമായ പരിശോധന തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam