
തിരുവനന്തപുരം: ഇത് നരേന്ദ്രമോദിയുടെ സഭയാണോ, അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനാണെന്ന് വിമർശനവുമായി കെകെ രമ എംഎൽഎ. നരേന്ദ്രമോദിയുടെ സഭയിൽ ആണോ ഇരിക്കുന്നത് എന്ന് തോന്നിപ്പോയി. ഒരു അംഗത്തിന് പറയാനുള്ളത് പറയാൻ കഴിയാത്ത സാഹചര്യം ഇത് ഖേദകരമാണ്. സ്പീക്കർ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോ. വിഷയത്തോടും അംഗങ്ങളോടും ഇതാണോ സമീപനമെന്നും കെകെ രമ പറഞ്ഞു. അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ എതിർവാദങ്ങൾ ഉന്നയിക്കാം. അംഗത്തെ പറയാൻ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവമല്ല. അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോൾ നേരത്തെയും ഇങ്ങനെയാണ്. ഇത് നല്ല പ്രവണതയല്ലെന്നും കെകെ രമ പറഞ്ഞു.
സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയായിരുന്നു നിയമസഭയിൽ ബഹളമുണ്ടായത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതാണ് പ്രകോപനത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു.മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചർച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാത്യു റിമാന്റ് റിപ്പോർട്ട് തുടർന്നും വായിച്ചു. റിമാന്റ് റിപ്പോർട്ട് രേഖകളിൽ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, റിമാന്റ് റിപ്പോർട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു.
കരുവന്നൂർ തട്ടിപ്പിലെ ഇഡി റിമാന്റ് റിപ്പോർട്ട് സഭയിൽ വായിച്ചു; മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു
ഒരാളെ റിമാൻഡ് ചെയ്‌തതുകൊണ്ട് അയാൾ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കിൽ ഞാനൊക്കെ എത്ര കേസിൽ പ്രതിയാണെന്നും സ്പീക്കർ ചോദിച്ചു. നിങ്ങൾ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം റിമാന്റ് റിപ്പോർട്ട് വായിക്കുന്നത് തുടർന്നാൽ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്പോൾ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തന്നെക്കുറിച്ച് പറയുമ്പോൾ ചെയർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴനാടൻ സ്പീക്കറോടും കുപിതനായി. മൈക്ക് ഓഫ് ചെയ്യപ്പെട്ടതോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. ഇതിനെതിരെയാണ് കെകെ രമയുടെ വിമർശനമുണ്ടായത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam